ഇത്തരത്തിലുള്ള തന്ത്രങ്ങളുമായാണ് പോകുന്നതെങ്കിൽ ഗംഭീറിന്‍റെ കരിയർ തന്നെ അപകടത്തിലാകും. പരാജയം ഏറ്റുവാങ്ങിയ ശേഷം ഗംഭീറും സൂര്യകുമാറും സംസാരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?.

ചെന്നൈ: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പര്‍-8 പോരാട്ടത്തില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായ അക്ഷര്‍ പട്ടേലിനെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നതിൽ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പര്‍-8 പോരാട്ടത്തില്‍ അക്ഷറിന് പകരം വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. ഇതിനെതിരെയാണ് ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഗൗതം ഗംഭീർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്ലേയിംഗ് ഇലവനെ തീരുമാനിക്കേണ്ടതും തന്ത്രങ്ങൾ മെനയേണ്ടതും അദ്ദേഹമല്ലേ?. ഇത്തരത്തിലുള്ള തന്ത്രങ്ങളുമായാണ് പോകുന്നതെങ്കിൽ ഗംഭീറിന്‍റെ കരിയർ തന്നെ അപകടത്തിലാകും. പരാജയം ഏറ്റുവാങ്ങിയ ശേഷം ഗംഭീറും സൂര്യകുമാറും സംസാരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?. എല്ലാം തീരുമാനിച്ചുകഴിഞ്ഞശേഷം എന്ത് സംസാരിക്കാനാണ്. അക്ഷർ പട്ടേലിനെപ്പോലൊരു താരത്തെ പുറത്തിരുത്താൻ എങ്ങനെ തോന്നിയെന്നും ശ്രീകാന്ത് ചോദിച്ചു.

ടീം വൈസ് ക്യാപ്റ്റനെ തന്നെ പുറത്തിരുത്തിയതിലെ വിരോധാഭാസത്തെ ശ്രീകാന്ത് പരിഹസിച്ചു. നേരത്തെ ശുഭ്മൻ ഗില്ലിനും സമാനമായ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യൻ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനാകുന്നവർ ടീമിന് പുറത്താകുന്ന അവസ്ഥയാണിപ്പോൾ. ഇനി ആരും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവാൻ ആഗ്രഹിക്കില്ലെന്നും ശ്രീകാന്ത് പരിഹസിച്ചു.

ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും 12.16 ശരാശരിയിലും 6.63 ഇക്കോണമിയിലും മികച്ച രീതിയിൽ പന്തെറിഞ്ഞ താരമാണ് അക്ഷർ. എന്നിട്ടും അഹമ്മദാബാദിലെ പിച്ചിൽ അക്ഷറിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഇറക്കിയത് ടീമിന് തിരിച്ചടിയായിരുന്നു. സുന്ദർ 2 ഓവറിൽ വിക്കറ്റില്ലാതെ 17 റൺസ് വഴങ്ങിയെന്ന് മാത്രമല്ല, ബാറ്റിംഗിലും പരാജയപ്പെട്ടു.

ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തോൽവികളിലൊന്നാണെന്ന് ശ്രീകാന്ത് വിശേഷിപ്പിച്ചു. ഇതൊരു നാണംകെട്ട പരാജയമാണ്. ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കേണ്ടതില്ല. 2022 സെമി ഫൈനലിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. ഇതോടെ സിംബാബ്‌വെക്കെതിരായ മത്സരം ഇന്ത്യക്ക് ജീവൻമരണ പോരാട്ടമായി മാറി. ഇനി ഇന്ത്യക്ക് പ്രാർത്ഥിച്ചു തുടങ്ങാമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പര്‍-8 മത്സരം. സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക