- Home
- Sports
- Cricket
- രണ്ടിൽ രണ്ടും ജയിച്ചാലും സെമിയിലെത്തുമെന്ന് ഉറപ്പില്ല, ഇന്ത്യക്ക് മുന്നിൽ 'ഹിമാലയൻ' കടമ്പ; വില്ലനാവുക നെറ്റ് റൺറേറ്റ്
രണ്ടിൽ രണ്ടും ജയിച്ചാലും സെമിയിലെത്തുമെന്ന് ഉറപ്പില്ല, ഇന്ത്യക്ക് മുന്നിൽ 'ഹിമാലയൻ' കടമ്പ; വില്ലനാവുക നെറ്റ് റൺറേറ്റ്
ദക്ഷിണാഫ്രിക്കയോട് കനത്ത തോൽവി വഴങ്ങിയതോടെ ഇന്ത്യൻ ടീമിന്റെ ടി20 ലോകകപ്പ് സെമി ഫൈനൽ സാധ്യതകൾ തുലാസിലായി. സെമിയിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ള വഴികള്‍ നോക്കാം.

സെമി കാണാതെ പുറത്തേക്കോ
ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ സെമി ഫൈനൽ സാധ്യതകൾ തുലാസിലായിരിക്കുകയാണ്. ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു അഹമ്മദാബാദിൽ ഇന്ത്യ കാഴ്ചവെച്ചത്. ഇനി ഇന്ത്യക്ക് സെമിയിൽ എത്താൻ എന്ത് ചെയ്യണം? ആ സാധ്യതകൾ പരിശോധിക്കാം.
സെമിയിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ
ടി20 ലോകകപ്പിലെ സൂപ്പർ 8-ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 76 റൺസിന്‍റെ കൂറ്റൻ തോൽവി വഴങ്ങിയതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണേറ്റത്. സെമിയിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.
ഇനിയൊരു തോല്‍വി ചിന്തിക്കാനാവില്ല
സൂപ്പര്‍ 8ലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ സിംബാബ്‌വക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ഇതിൽ ഒന്നിൽ തോറ്റാൽ പോലും നിലവിലെ ചാമ്പ്യന്മാരുടെ സെമി സാധ്യതകൾ അവസാനിക്കും.
വെറും ജയം പോരാ
ടി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ അഹമ്മദാബാദില്‍ വഴങ്ങിയത്. 76 റണ്‍സിന്‍റെ കൂറ്റൻ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍റേറ്റ് -3.80 ആയി ഇടിഞ്ഞു. ഇതോടെ സിംബാബ്‌വെക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ ഇന്ത്യക്ക് വെറും ജയം മാത്രം മതിയാവില്ല സെമിയിലെത്താൻ. നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ പടുകൂറ്റൻ ജയങ്ങള്‍ തന്നെ അനിവാര്യമാകും.
മറ്റ് ടീമുകളുടെ പ്രകടനം
അടുത്ത രണ്ട് കളി ജയിക്കുന്നതിനൊപ്പം ഇന്ന് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-സിംബാബ്‌വെ മത്സരമടക്കം ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങളും ഇന്ത്യക്ക് നിർണ്ണായകമാകും. നാലു ടീമുകളുള്ള ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമാണ് സെമിയിലെത്തുക. പോയിന്‍റ് തുല്യമായാല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും.
ഇന്ത്യയുടെ അടുത്ത പോരാട്ടങ്ങൾ എവിടെ
സൂര്യകുമാർ യാദവിനും സംഘത്തിനും മുന്നിൽ ഇനി രണ്ട് അഗ്നിപരീക്ഷകളാണുള്ളത്. അതിലാദ്യം അട്ടിമറി വീരന്‍മാരായ സിംബാബ്‌വെക്കെതിരെ ആണ്. വ്യാഴാഴ്ച ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും തകര്‍ത്താണ് സിംബാബ്‌വെ സൂപ്പര്‍ 8ൽ എത്തിയത് എന്നതിനാല്‍ ആഫ്രിക്കന്‍ കരുത്തിനെ നിസാരരായി കാണാന്‍ ഇന്ത്യക്കാവില്ല.
വിന്‍ഡീസ് വെല്ലുവിളി
സിംബാബ്‌വെയെ മറികടന്നാല്‍ പിന്നീട് ഇന്ത്യക്ക് മുന്നിലുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍-8 പോരാട്ടം. സിംബാബ്‌വെക്കെതിരെ ജയിച്ചാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നോക്കൗട്ട് പോരാട്ടമായിരിക്കും ഇത്. ഗ്രൂപ്പ് ഘടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന വിന്‍ഡീസിനെ വീഴ്ത്തുക ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകും.
ദക്ഷിണാഫ്രിക്കക്ക് കുറച്ചുകൂടി എളുപ്പം
ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക മുന്നിലെത്തിയെങ്കിലും അവരും സെമിസ്ഥാനം ഉറപ്പിച്ചുവെന്ന് പറയാറായിട്ടില്ല. പക്ഷെ സിംബാബ്‌വെക്കെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും വരാനിരിക്കുന്ന 2 മത്സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ പോലും ദക്ഷിണാഫ്രിക്കക്ക് സെമിയിലെത്താന്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരെ നേടിയ കൂറ്റന്‍ ജയത്തിലൂടെ മികച്ച നെറ്റ് റണ്‍റേറ്റ് സ്വന്തമാക്കാനായത് ദക്ഷിണാഫ്രിക്കക്ക് അനുകൂലമാകും.
നെറ്റ് റണ്‍റേറ്റ് തുല്യമായാല്‍ ആര് സെമിയിലെത്തും
സൂപ്പര്‍ 8ൽ ഇന്ത്യയുടെ എക്സ് ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സെമിയിലെത്തുക. ടീമുകള്‍ പോയിന്‍റുകള്‍ തുല്യമായാല്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീമിനാകും ആദ്യം സെമി ഉറപ്പിക്കാനാവുക. പോയിന്‍റുകളും ജയങ്ങളും തുല്യമായാല്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്തുന്നവരാകും സെമിയിലെത്തുക. നെറ്റ് റണ്‍റേറ്റും തുല്യമായാല്‍ പരസ്പരം കളിച്ചപ്പോഴുള്ള വിജയികള്‍ സെമിയിലേക്ക് മുന്നേറും.
ദക്ഷിണാഫ്രിക്ക തോറ്റാല്‍ ഇന്ത്യക്ക് പണിയാവും
അടുത്ത മത്സരങ്ങളില്‍ സിംബാബ്‌വെയോ വെസ്റ്റ് ഇന്‍ഡീസോ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാകും. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെയും സിംബാബ്‌വെയെയും തോല്‍പിക്കണമെന്നാകും ഇന്ത്യ ആഗ്രഹിക്കുക. ഇതുവഴി നെറ്റ് റണ്‍റേറ്റിന്‍റെ ഭീഷണി ഇന്ത്യക്ക് ഒരുപരിധിവരെ മറികടക്കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

