180-185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ കളി ജയിക്കാനാവില്ലെങ്കിലും കളി തോൽക്കാൻ സാധ്യതയുണ്ടെന്ന് സൂര്യകുമാർ ഓർമ്മിപ്പിച്ചു.
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ടീമിന്റെ തോല്‍വിക്കുള്ള കാരണം തുറന്നു പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ബൗളിംഗിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിംഗിലെ പാളിച്ചകളാണ് തിരിച്ചടിയായതെന്ന് മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ സൂര്യ പറഞ്ഞു.
180-185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ കളി ജയിക്കാനാവില്ലെങ്കിലും കളി തോൽക്കാൻ സാധ്യതയുണ്ടെന്ന് സൂര്യകുമാർ ഓർമ്മിപ്പിച്ചു. പവർപ്ലേയിൽ ഞങ്ങൾക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ വിക്കറ്റുകൾ കാത്തുസൂക്ഷിച്ചിരുന്നെങ്കിൽ ചെറിയ ചെറിയ കൂട്ടുകെട്ടുകളിലൂടെ ലക്ഷ്യത്തിലെത്താമായിരുന്നു. എന്നാൽ അത് സാധിക്കാതെ പോയി. ബാറ്റിംഗിൽ ഞങ്ങൾ കുറച്ചുകൂടി മെച്ചപ്പെടേണ്ടിയിരുന്നു- സൂര്യകുമാർ പറഞ്ഞു.
ബാറ്റിംഗിൽ നിരാശയുണ്ടെങ്കിലും ബൗളർമാരുടെ പ്രകടനത്തെ ക്യാപ്റ്റൻ പ്രശംസിച്ചു. ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ 21 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് വീഴ്ത്താൻ ഇന്ത്യക്കായിരുന്നു. എന്നാൽ 7 മുതൽ 15 വരെയുള്ള ഓവറുകളിൽ അവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പവർപ്ലേയ്ക്ക് ശേഷം അവർ കളി തിരിച്ചുപിടിച്ചെങ്കിലും പിന്നീട് ബൗളർമാർ ശക്തമായി തിരിച്ചുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുമ്ര-അർഷ്ദീപ് പേസ് സഖ്യത്തിന്റെ പ്രകടനത്തെക്കുറിച്ച് സൂര്യകുമാർ എടുത്തുപറഞ്ഞു. ഇരുവരും ചേർന്ന് എട്ട് ഓവറിൽ 5 വിക്കറ്റുകൾ വീഴ്ത്തുകയും 50-ൽ താഴെ റൺസ് മാത്രം നൽകുകയും ചെയ്തു. അവരുടെ ബൗളിംഗ് കൂട്ടുകെട്ട് ടീമിന് വലിയ കരുത്താണ്. ഇരുവരും പരിചയസമ്പന്നരായ ബൗളർമാരാണെന്നും സൂര്യകുമാര്‍ പറഞ്ഞു.
അടുത്ത മത്സരത്തിൽ സിംബാബ്വെക്കെതിരെ ശക്തമായി തിരിച്ചുവരുമെന്ന് സൂര്യകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തോല്‍വികൊണ്ട് ടീമിന്റെ സമീപനത്തില്‍ സങ്കീർണ്ണമായ മാറ്റങ്ങളൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ല. ആക്രമണ ശൈലിയിൽ തന്നെ ക്രിക്കറ്റ് കളിക്കാനാണ് തീരുമാനം. അടുത്ത മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ മികവ് കാട്ടാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂര്യകുമാർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയോടെ സെമി സാധ്യതകൾ നിലനിർത്താൻ സിംബാബ്വെക്കെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിർണ്ണായകമാണ്.
