ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു തെളിഞ്ഞതിനാല്‍ ആ കാരണം പറഞ്ഞ് വൈഭവിന്‍റെ സീനിയര്‍ ടീം അരങ്ങേറ്റം നീട്ടാന്‍ ബിസിസിഐക്ക് കഴിയില്ലെന്നാണ് കരുതുന്നത്.

മുംബൈ: അണ്ടർ-19 ലോകകപ്പിലെ വിരോചിത പ്രകടനത്തിന് പിന്നാലെ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് ഏറ്റവും ഒടുവില്‍ വൈഭവിനെ ഇനിയും കാത്തു നിര്‍ത്തരുതെന്നും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 27ന് 15 വയസ്സ് തികയുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ഐ.സി.സി പ്രായപരിധി വൈഭവ് പിന്നിടും. ഇതോടെ എപ്പോള്‍ വേണമെങ്കിലും വൈഭവിനെ ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാനാവും.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു തെളിഞ്ഞതിനാല്‍ ആ കാരണം പറഞ്ഞ് വൈഭവിന്‍റെ സീനിയര്‍ ടീം അരങ്ങേറ്റം നീട്ടാന്‍ ബിസിസിഐക്ക് കഴിയില്ലെന്നാണ് കരുതുന്നത്. ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വരുന്നത് ഐപിഎല്ലിന് ശേഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ആണ്. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി മികവ് കാട്ടിയാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവിനെ സെലക്ടര്‍മാര്‍ക്ക് പരിഗണിക്കേണ്ടിവരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ പോലും സെപ്റ്റംബര്‍ 24ന് ജപ്പാനില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും വൈഭവിന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ ഓപ്പണര്‍ സ്ഥാനത്ത് കൂട്ടയിടി നടക്കുന്ന ഇന്ത്യൻ ടീമില്‍ വൈഭവ് വരുന്നതോടെ വഴി അടയുന്ന നിരവധി താരങ്ങളുണ്ട്.

നിലവിലെ മാരഹക പ്രഹരശേഷി കണക്കിലെടുത്താല്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിംഗ് സ്ഥാനത്തിന് ഭീഷണിയില്ല. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍, നിലവില്‍ ടി20 ടീമില്‍ നിന്ന് പുറത്തു നിര്‍ത്തിയിരിക്കുന്ന യശസ്വി ജയ്സ്വാള്‍, ലോകകപ്പില്‍ സഞ്ജുവിനെ പിന്തള്ളി ഓപ്പണറായ ഇഷാന്‍ കിഷന്‍ എന്നിവരുടെയെല്ലാം ഓപ്പണര്‍ സ്ഥാനം വൈഭവ് വരുന്നതോടെ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. 14കാരനായ വൈഭവ് മികവ് തുടര്‍ന്നാല്‍ 30 കഴിഞ്ഞ സഞ്ജുവിനും 28കാരനായ ഇഷാന്‍ കിഷനുമൊന്നും പിന്നീട് ടി20 ടീമിലേക്കൊരു തിരിച്ചുവരവ് ബുദ്ധിമുട്ടാകും. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെയാണ് വൈഭവിന് അവസരം ലഭിച്ചത്. പിന്നീട് സഞ്ജു പരിക്ക് മാറി തിരിച്ചെത്തിയപ്പോഴും വൈഭവ് ഓപ്പണര്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നു.

പ്രായവും വൈഭവിന് അനുകൂലഘടകമാണ്. 2028ലെ ഒളിംപ്കില്‍ അടക്കം വൈഭവ് ഇന്ത്യക്കായി ഓപ്പണറാവാനുള്ള സാധ്യതകളും മുന്നിലുണ്ട്. വൈഭവ് വരുന്നതോടെ വഴി അടയുന്ന നിരവധി യുവതാരങ്ങള്‍ ഐപിഎല്ലിലുണ്ട്. പഞ്ചാബിന്‍റെ വെടിക്കെട്ട് ഓപ്പണറായ പ്രിയാന്‍ഷ് ആര്യ, ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് എന്നിങ്ങനെ വലിയൊരു നിരതന്നെ പിന്നീട് ഓപ്പണര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടിവരില്ല. വൈഭവും അഭിഷേകും ഓപ്പണ്‍ ചെയ്യുന്ന ഇന്ത്യയുടെ ടി20 മത്സരത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍ ആരാധകരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക