ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ് അഞ്ച് സ്ഥാനം ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ സൂര്യകുമാര്‍ യാദവ് പതിമൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഇംഗ്ലണ്ടിന്‍റെ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ് അഞ്ച് സ്ഥാനം ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യില്‍ മാത്രം അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ അഞ്ച് സ്ഥാനം ഉയര്‍ന്ന് 42-ാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 31-ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 36-ാമത് എത്തിയതാണ് ബാറ്റിംഗ് റാങ്കിംഗിലെ മറ്റൊരു പ്രധാന മാറ്റം.

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ട് സ്ഥാനം നഷ്ടമായ അക്സര്‍ പട്ടേര്‍ പതിനഞ്ചാം സ്ഥാനത്തായി. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയാണ് റാങ്കിംഗില്‍ നേട്ടം കൊയ്ത മറ്റൊരു താരം. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യില്‍ മികവ് കാട്ടിയ ബുമ്ര 10 സ്ഥാനം ഉയര്‍ന്ന് പതിനെട്ടാം സ്ഥാനത്തെത്തി. ടി20 ലോകകപ്പപിന് മുമ്പ് അടുത്ത മാസം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യ ഇന കളിക്കുക. അഞ്ച് മത്സര പരമ്പരയില്‍ മികവ് കാട്ടിയാല്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലോകകപ്പിന് മുമ്പ് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക