കംബോഡിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് വലംകൈയന്‍ പേസറായ 28കാരനായ പ്രിയാന്ദനയുടെ ചരിത്രനേട്ടം.

ബാലി: രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ലോക റെക്കോര്‍ഡിട്ട് ഇന്തോനേഷ്യന്‍ പേസര്‍ ഗെഡെ പ്രിയാന്ദന. പുരുഷ-വനിതാ ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു ബൗളര്‍ ഒരോവറില്‍ അഞ്ച് വിക്കറ്റെടുക്കുന്നത്.

കംബോഡിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് വലംകൈയന്‍ പേസറായ 28കാരനായ പ്രിയാന്ദനയുടെ ചരിത്രനേട്ടം. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കംബോഡിയ 168-5 എന്ന സ്കോറില്‍ നില്‍ക്കെയാണ് പ്രിയാന്ദന പന്തെറിയാനെത്തിയത്. ആദ്യ മൂന്ന് പന്തുകളില്‍ കംബോഡിയയുടെ ഷാ ബ്രാര്‍ ഹുസൈന്‍, നിര്‍മല്‍ജിത് സിംഗ്, ചാന്തോയൻ രത്നാക് എന്നിവരെ പുറത്താക്കി ഹാട്രിക്ക് തികച്ച പ്രിയാന്ദന അടുത്ത പന്ത് ഡോട്ട് ബോളാക്കി. അടുത്ത രണ്ട് പന്തുകളില്‍ മോങ്ദാര സോക്ക്, പെൽ വെന്നാക് എന്നിവരെ കൂടി പുറത്താക്കിയാണ് പ്രിയാന്ദന അഞ്ച് വിക്കറ്റ് നേട്ടം തികച്ച് ലോക റെക്കോര്‍ഡിട്ടത്. പ്രിയാന്ദനയുടെ ഓവര്‍ തുടങ്ങുമ്പോള്‍ 106-5 ആയിരുന്ന കംബോഡിയ ഓവര്‍ കഴിഞ്ഞപ്പോള്‍ 107 റണ്‍സിന് ഓള്‍ ഔട്ടായി. വൈഡിലൂടെ ലഭിച്ച ഒരു റണ്‍ മാത്രമാണ് കംബോഡിയക്ക് നേടാനായത്.

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ നാലു വിക്കറ്റെടുത്ത നിരവധി താരങ്ങളുണ്ട്. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയുടെ ലസിത് മലിംഗ, 2019ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാന്‍, 2021ല്‍ നെതര്‍ലന്‍ഡ്സിനെതിരെ അയര്‍ലന്‍ഡിന്‍റെ കര്‍ട്ടിസ് കാംഫര്‍, 2022ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന്‍റെ ജേസണ്‍ ഹോള്‍ഡറും ഒരോവറില്‍ നാലു വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

Scroll to load tweet…

അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് താരങ്ങൾ പ്രിയാന്ദനക്ക് മുമ്പ് ഒരോവറില്‍ 5 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2013-2014ല്‍ ബംഗ്ലാദേശ് താരം അല്‍ അമിന്‍ ഹസുസൈനും 2029-2020ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാട ബൗളറായിരുന്ന അഭിമന്യു മിഥുനുമാണ് ആഭ്യന്തര ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റെടുത്തവര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക