ഐപിഎൽ സീസണിൽ ജസ്പ്രീത് ബുംറയ്ക്ക് ഇതുവരെ ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല, ഇത് ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. ബുംറയുടെ വേഗത കുറഞ്ഞതാണ് ഫോം നഷ്ടപ്പെടാൻ കാരണമെന്നും പഴയതുപോലെ വേഗത്തിൽ പന്തെറിഞ്ഞാൽ വിക്കറ്റുകൾ ലഭിക്കുമെന്നും മുൻ താരം ഇർഫാൻ പത്താൻ ഉപദേശിക്കുന്നു. 

മുംബൈ: ഐപിഎല്ലില്‍ ജസ്പ്രിത് ബുംറയുടെ ബൗളിംഗ് പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സീസണില്‍ ഇതുവരെ ബുംറയ്ക്ക് ഒറ്റ വിക്കറ്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും മുംബൈയുടെ വിശ്വസ്തനായിരുന്നു ജസ്പ്രീത് ബുംറ. ക്യാപ്റ്റന്‍ പന്തേല്‍പിച്ചാല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍. എന്നാല്‍ ഈ സീസണില്‍ ബുംറയ്ക്ക് കാര്യങ്ങളൊന്നും ശരിയാവുന്നില്ല. പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി ഉള്‍പ്പടെയുള്ളവര്‍ ബുംറയെ അടിച്ച് പറത്തുകയാണ്.

അഞ്ച് കളിയില്‍ ഒറ്റവിക്കറ്റില്ല. പഞ്ചാബിനെതിരായ അവസാന മത്സരത്തില്‍ നാലോവറില്‍ വിട്ടുകൊടുത്തത് 41 റണ്‍സ്. കൊല്‍ക്കത്തയ്‌ക്കെതിരെ നാലോവറില്‍ 35 റണ്‍സും ഡല്‍ഹിക്കെതിരെ നാലോവറില്‍ 21 റണ്‍സും രാജസ്ഥാനെതിരെ മൂന്നോവറില്‍ 32 റണ്‍സും വിട്ടുകൊടുത്തു. ബുംറയുടെ മങ്ങിയ ഫോം മുംബൈയ്ക്ക് നല്‍കുന്ന പ്രതിസന്ധി ചെറുതല്ല. ഇത് പരിഹരിക്കാന്‍ ബുംറ കൂടുതല്‍ വേഗത്തില്‍ പന്തെറിയണമെന്ന് മുന്‍താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പഠാ പറയുന്നു. ബുംറയുടെ ഫോമില്‍ കുഴപ്പമുള്ളതായി തോന്നുന്നില്ല.

പന്തെറിയുന്നതിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. ഈ സീസണിലെ ശരാശരി വേഗം മണിക്കൂറില്‍ 130 കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ തന്നെ 44 ശതമാനം സ്ലോ ബോളുകള്‍. ഇതിന് പകരം പഴയപോലെ വേഗം കൂട്ടിയെറിഞ്ഞാല്‍ ബുംറയ്ക്ക് വിക്കറ്റ് കിട്ടും. മറ്റൊരു തിരുത്തലിന്റെ ആവശ്യം ബുംറയ്ക്ക് ഇല്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.

അതേസമയം, മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി സൂചന. പഞ്ചാബ് കിങ്‌സിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 16.3 ഓവറില്‍ ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നിരുന്നു.

YouTube video player