ദക്ഷിണ മേഖല അണ്ടര്‍-14 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കരുത്തരായ തമിഴ്നാടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
വിജയനഗരം: ദക്ഷിണ മേഖല അണ്ടര്‍-14 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ തമിഴ്നാടിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് കേരളം. ഒന്നാം ഇന്നിങ്സില്‍ കേരളം ഉയര്‍ത്തിയ 239 റണ്‍സ് പിന്തുടര്‍ന്ന തമിഴ്നാട് 124 റണ്‍സിന് പുറത്താവുകയായിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത തമിഴ്നാട് ഏഴ് വിക്കറ്റിന് 177 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. വിജയലക്ഷ്യമായ 63 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അര്‍ജുന്‍ വി. നായര്‍ 168 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയ മികവിലായിരുന്നു കേരളം ആദ്യ ഇന്നിങ്‌സില്‍ 239 റണ്‍സെടുത്തത്. സായന്ത് എസ്. നായര്‍ 38 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാടിനെ ഉജ്ജ്വല ബൗളിങ്ങിലൂടെ കേരളം 124 റണ്‍സിന് എറിഞ്ഞൊതുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ തരുണ്‍ എം.എസും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ധീരജ് കൃഷ്ണയും, രണ്ട് വിക്കറ്റ് നേടിയ നിര്‍മ്മല്‍ എല്‍. രാഹുലുമാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. 40 റണ്‍സെടുത്ത കബിലന്‍ മാത്രമാണ് തമിഴ്നാട് നിരയില്‍ അല്പമെങ്കിലും പൊരുതിയത്.
തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത തമിഴ്നാട് രണ്ടാം ഇന്നിങ്സില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് ഏഴ് വിക്കറ്റിന് 177 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. തമിഴ്നാടിനായി കബിലന്‍ 42 റണ്‍സും മൊഹമ്മദ് അര്‍ഫാസ് 41 റണ്‍സും നേടി. കേരളത്തിന് വേണ്ടി ധീരജ് കൃഷ്ണ നാലും വൈഷ്ണവ് എസ്. രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അശ്വിന്‍ രാജും ദക്ഷ് ശിവയും ചേര്‍ന്നുള്ള 43 റണ്‍സിന്റെ കൂട്ടുകെട്ട് വിജയം ഉറപ്പാക്കി. അശ്വിന്‍ 23 റണ്‍സും ദക്ഷ് 12 റണ്‍സുമായി പുറത്താകാതെ നിന്നു. തമിഴ്‌നാടിന് വേണ്ടി ജീവ മൂന്നും ശേഷങ്ക് കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

