രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തതായി ആരോപണം.
ദില്ലി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹത്തോടനുബന്ധിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ക്രിക്കറ്റ് ഇതിഹാസം പങ്കുവച്ചിരുന്നു. എന്നാല്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റാണിപ്പോള്‍ വിവാദമായിരിക്കുന്നത്. പോസ്റ്റ് സച്ചിന്‍ നീക്കം ചെയ്യുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് സച്ചിന്‍ ഇത് ചെയ്തതെന്നാണ് കേരള കോണ്‍ഗ്രസ് ആരോപിക്കുന്നത്.
വിവാദത്തിന് പിന്നില്‍
ഫെബ്രുവരി 10-ന് സച്ചിന്‍ വിവിധ നേതാക്കളെ കണ്ട ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള ചിത്രം വൈകിട്ട് 7:13-നും അമിത് ഷായോടൊപ്പമുള്ളത് 8:18-നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പമുള്ളത് 8:48-നും ആണ് പോസ്റ്റ് ചെയ്തത്. രാത്രി 9:22-ന് രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു. വെറും രണ്ട് മണിക്കൂറിനുള്ളില്‍ ഇതിന് 6.27 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചു.
ഇത്രയധികം ശ്രദ്ധ ലഭിച്ചത് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചുവെന്നും സമ്മര്‍ദ്ദം മൂലം ഈ പോസ്റ്റ് നീക്കം ചെയ്ത് അര്‍ദ്ധരാത്രി 12:19-ന് ആരും ശ്രദ്ധിക്കാത്ത സമയത്ത് വീണ്ടും പോസ്റ്റ് ചെയ്തുവെന്നുമാണ് കോണ്‍ഗ്രസ് കേരള ഘടകം എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചത്. 'രാജ്യത്തിന്റെ പരമോന്നത കസേരയിലിരിക്കുന്ന ഒരാള്‍ സോഷ്യല്‍ മീഡിയ വ്യൂസിനെ ചൊല്ലി ഇത്രയധികം അരക്ഷിതാവസ്ഥ കാണിക്കുന്നത് ശരിയല്ല' എന്നും കുറിച്ചു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. പോസ്റ്റില്‍ എന്തെങ്കിലും തെറ്റുകള്‍ തിരുത്താനായിരിക്കാം സച്ചിന്‍ അത് നീക്കം ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.
അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹം
ക്രിക്കറ്റ് താരം അര്‍ജുന്‍ ടെണ്ടുല്‍ക്കറും പ്രമുഖ വ്യവസായി രവി ഘായിയുടെ കൊച്ചുമകളും സംരംഭകയുമായ സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാര്‍ച്ച് 5ന് മുംബൈയില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.

