ജുവിന പെയർ സ്കേറ്റിങ്ങിൽ സ്വർണം നേടി.ജുലൈന പെയർ, കപ്പിൾ വിഭാഗങ്ങളിൽ സ്വർണവും സോളോ ഡാൻസിൽ വെങ്കലവും കരസ്ഥമാക്കി.
പത്തനംതിട്ട: തായ്വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ സുവർണ മെഡൽ അണിഞ്ഞ് കേരളത്തിൽനിന്നുള്ള സഹോദരിമാർ. പത്തനംതിട്ട കുഴിക്കാല കല്ലട ഭവനിൽ തോമസ് പോളിന്റെയും എലിസബത്തിന്റെയും മക്കളായ ജുവിന ലിസ് തോമസും അനുജത്തി ജുലൈന ലിസ് തോമസുമാണ് ഈ നേട്ടം കൈവരിച്ചത്.
ജുവിന പെയർ സ്കേറ്റിങ്ങിൽ സ്വർണം നേടി.ജുലൈന പെയർ, കപ്പിൾ വിഭാഗങ്ങളിൽ സ്വർണവും സോളോ ഡാൻസിൽ വെങ്കലവും കരസ്ഥമാക്കി. ജുവിന പത്തനംതിട്ട വാഴമുട്ടം നേഷൻ യു.പി.സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ജുലൈന ലേ മൗണ്ട് ഗ്രീൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാഥിനിയാണ്.
ഇവരുടെ ചേച്ചി ജുനിയ ലിസ് തോമസ് സ്കേറ്റിങ്ങിൽ ദേശീയ മെഡൽ ജേത്രിയാണ്. പത്താം ക്ലാസ് പരീക്ഷ കാരണം ജുനിയ ഇക്കുറി മത്സരങ്ങളിൽനിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ആർട്ടിസ്റ്റിക് സ്കേറ്റിങ്ങിൽ 2019 ൽ ലോക ചാംപ്യനായ, പത്തനംതിട്ട സ്വദേശി തന്നെയായ അഭിജിത്ത് അമൽ രാജാണ് ഇവരുടെ പ്രധാന പരിശീലകൻ. ഏഷ്യൻ ചാംപ്യനായ എൻ.എൽ.വക്കാസിയയും പരിശീലിപ്പിക്കുന്നു. തായ്വാനിൽ മത്സരിച്ച ഇന്ത്യൻ ടീമിൽ ഒൻപത് മലയാളികളുണ്ടായിരുന്നു.എല്ലാവർക്കും മെഡൽ ലഭിച്ചു.താരങ്ങൾ മലേഷ്യയിൽ ഒരാഴ്ചത്തെ പരിശീലനത്തിനുശേഷമാണ് താരങ്ങള്‍ നാട്ടില്‍ മടങ്ങിയെത്തുക.
