ഐപിഎല്‍ റണ്‍വേട്ടയില്‍ എം എസ് ധോണിയെ മറികടക്കാന്‍ കെ എല്‍ രാഹുലിന് ഇനി വേണ്ടത് 50 റണ്‍സ് മാത്രം. ഈ നേട്ടം കൈവരിച്ചാല്‍ ഐപിഎല്ലിലെ ആറാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാകാന്‍ രാഹുലിന് സാധിക്കും.

ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെ മറികടക്കാന്‍ കെ എല്‍ രാഹുല്‍. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ 50 റണ്‍സ് കൂടി നേടാനായാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരമെന്ന ബഹുമതി രാഹുലിന് സ്വന്തമാകും. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുന്ന രാഹുല്‍ മികച്ച ഫോമിലാണ്. ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് താരത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ ആക്രമണകാരിയായ രാഹുലിനെയാണ് ഇത്തവണ കാണാന്‍ സാധിക്കുന്നത്. നിലവില്‍ 170 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന അദ്ദേഹം, ഓരോ 2.6 പന്തിലും ഒരു ബൗണ്ടറി എന്ന കണക്കിലാണ് സ്‌കോര്‍ ചെയ്യുന്നത്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 168 റണ്‍സ് രാഹുല്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ഐപിഎല്‍ കരിയറില്‍ ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 5,390 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 42 അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.

മറുഭാഗത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിഹാസം ധോണി 278 മത്സരങ്ങളില്‍ നിന്നായി 5,439 റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്ന് 50 റണ്‍സ് കൂടി നേടിയാല്‍ ധോണിയെ മറികടന്ന് രാഹുല്‍ ആറാം സ്ഥാനത്തെത്തും. 5,528 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള സുരേഷ് റെയ്നയാണ് രാഹുലിന് മുന്നിലുള്ള അടുത്ത ലക്ഷ്യം.

ധോണിയുടെ പേരില്‍ ഉണ്ടായിരുന്ന മറ്റൊരു റെക്കോര്‍ഡ് രാഹുല്‍ നേരത്തെ തന്നെ മറികടന്നിരുന്നു. ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണിത്. ധോണി 24 തവണ ഈ നേട്ടം കൈവരിച്ചപ്പോള്‍ രാഹുല്‍ 31 തവണ അമ്പതിലധികം റണ്‍സ് നേടിക്കഴിഞ്ഞു. ഹൈദരാബാദിനെതിരായ ഇന്നത്തെ പോരാട്ടത്തില്‍ രാഹുല്‍ ഈ ചരിത്രനേട്ടം കൈവരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

YouTube video player