സ്റ്റീഫൻ ഫ്ലെമിംഗ് ഒരു മികച്ച പരിശീലകനാണെന്ന് താൻ കരുതുന്നില്ലെന്നും ചെന്നൈയുടെ വിജയങ്ങൾക്കെല്ലാം കാരണം ധോണിയാണെന്നും ബദാനി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചെന്നൈ: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ ഹേമാംഗ് ബദാനിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. ചെന്നൈ സൂപ്പർ കിംഗ്‌സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിനെതിരെ ബദാനി മുൻപ് നടത്തിയ പരിഹാസങ്ങൾ എടുത്തുപറഞ്ഞാണ് ശ്രീകാന്തിന്‍റെ വിമര്‍ശനം. ഡൽഹി തകർന്നുനിൽക്കുന്ന ഈ സാഹചര്യത്തിൽ ബദാനി ആദ്യം സ്വന്തം നോക്കുകയാണ് വേണ്ടതെന്ന് ശ്രീകാന്ത് ഓർമ്മിപ്പിച്ചു.

ഐപിഎൽ കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും സ്റ്റീഫൻ ഫ്ലെമിംഗ് ഒരു മഹാനായ പരിശീലകനാണെന്ന് താൻ കരുതുന്നില്ലെന്നും ചെന്നൈയുടെ വിജയങ്ങൾക്ക് പിന്നില്‍ ധോണിയുടെ തലയാണെന്നും ബദാനി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ധോണിയാണ് സിഎസ്‌കെയുടെ കിംഗ്‌പിൻ. ഐപിഎൽ അല്ലാതെ മറ്റൊരു ലീഗിലും ഫ്ലെമിംഗ് ജയിച്ചിട്ടില്ലല്ലോ എന്നായിരുന്നു ബദാനിയുടെ ചോദ്യം. ഇന്നലെ ആര്‍സിബിക്കെതിരെ ഡല്‍ഹി തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് ബദാനിക്കെതിരെ ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

Scroll to load tweet…

ഹേമാംഗ്, നിങ്ങള്‍ മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതിന് മുൻപ് സ്വന്തം കാര്യം നോക്കൂ. ജീവിതത്തിൽ അധികം സംസാരിക്കരുതെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. നീ വല്ലാതെ സംസാരിച്ചു, ഇനിയിപ്പോൾ വായ അടച്ച് വെച്ച് നടക്കുന്നത് കണ്ട് നിൽക്കാം. ഫ്ലെമിംഗ് ജയിക്കുന്നത് ധോണി ഉള്ളതുകൊണ്ടാണെന്ന് പറയാൻ നീ ആരാണ്? നീ ഡൽഹിക്ക് വേണ്ടി എന്താണ് പ്രത്യേകമായി ചെയ്തത്, ഇതുവരെ ഒന്നും ചെയ്തിട്ടില്ലല്ലോ എന്നും ശ്രീകാന്ത് ചോദിച്ചു.

ആർസിബിക്കെതിരെ വെറും 75 റൺസിന് ഡൽഹി പുറത്തായ മത്സരത്തിലെ ടീം സെലക്ഷനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. ഒരു ഘട്ടത്തിൽ 8 റൺസിന് 6 വിക്കറ്റ് എന്ന ദയനീയ അവസ്ഥയിലായിരുന്നു ഡൽഹി. ഭുവനേശ്വർ കുമാറിനെ നേരിടാൻ സീനിയർ താരം കെ.എൽ രാഹുലിന് മുൻപേ സാഹിലിനെ ബാറ്റിംഗിന് അയച്ചത് വലിയ അബദ്ധമാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ടീം തകരുമ്പോഴും പൃഥ്വി ഷായെപ്പോലുള്ള സീനിയർ താരങ്ങളെ സൈഡ് ബെഞ്ചിൽ ഇരുത്തുന്നതിനെയും ശ്രീകാന്ത് വിമർശിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള ഡൽഹി നിലവിൽ ഏഴാം സ്ഥാനത്താണ്. തുടർച്ചയായ മൂന്ന് തോൽവികളും പരിശീലകന് നേരെയുള്ള വിമർശനങ്ങളും ഡൽഹി ക്യാപിറ്റൽസിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക