ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്ന വൈഭവ്, ലോകോത്തര ബൗളർമാരായ ജസ്പ്രീത് ബുംറയെയും ജോഷ് ഹേസൽവുഡിനെയും നേരിട്ട രീതിന്‍റെ ഒരോവറിൽ 19 റൺസാണ് അടിച്ചുകൂട്ടിയത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് സെന്‍സേഷനായ 15കാരന്‍ വൈഭവ് സൂര്യവംശിയെ എത്രയും വേഗം ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. പ്രായം നോക്കാതെ വൈഭവിനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തണമെന്നും നിലവിലെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഇതിന് മുൻകൈ എടുക്കണമെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ ആവശ്യപ്പെട്ടു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്ന വൈഭവ്, ലോകോത്തര ബൗളർമാരായ ജസ്പ്രീത് ബുംറയെയും ജോഷ് ഹേസൽവുഡിനെയും നേരിട്ട രീതിന്‍റെ ഒരോവറിൽ 19 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പയ്യൻ കളിക്കുന്ന ഷോട്ടുകൾ നോക്കൂ, അവൻ പ്രതിഭയാണ്. അജിത് അഗാർക്കർ, ഞാൻ പറയുന്നത് കേൾക്കൂ, അവനെ എത്രയും വേഗം ടീമിലെടുക്കണം. അവന് സമയം നൽകണം എന്ന വാദത്തോടൊന്നും എനിക്ക് യോജിപ്പില്ല. ഉടൻ തന്നെ അവനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര സാഹചര്യങ്ങൾ പഠിക്കാൻ അനുവദിക്കണമെന്ന് ശ്രീകാന്ത് പറഞ്ഞു.

1989-ൽ താൻ ഇന്ത്യൻ നായകനായിരുന്നപ്പോൾ പാകിസ്ഥാൻ പര്യടനത്തിൽ അരങ്ങേറിയ 16-കാരനായ സച്ചിൻ ടെൻഡുൽക്കറെയാണ് ശ്രീകാന്ത് വൈഭവിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 1989-ൽ 16 വയസ്സുകാരനായ ഒരു സച്ചിൻ ടെൻഡുക്കർ ഉണ്ടായിരുന്നു, ഇന്ന് അദ്ദേഹം ക്രിക്കറ്റ് ദൈവമാണ്. സമാനമായ രീതിയിൽ വൈഭവ് സൂര്യവംശിയും ക്രിക്കറ്റിലെ അടുത്ത വലിയ താരമായി മാറുമെന്നും ശ്രീകാന്ത് പറഞ്ഞു.

ഐപിഎല്ലിനു ശേഷം ഇന്ത്യൻ ടീമിൽ വൻ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന ടി20 പരമ്പരകൾക്കുള്ള 35 അംഗ സാധ്യതാ പട്ടികയിൽ വൈഭവിനെ ബിസിസിഐ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിൽ വൈഭവ് ഇന്ത്യൻ ജേഴ്സിയണിയാൻ സാധ്യതയേറെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക