243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് വലിയ ലക്ഷ്യത്തിലെത്താന്‍ മികച്ച തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പാതും നിസങ്ക(6 പന്തില്‍ 8) മടങ്ങിയതോടെ തുടക്കത്തിലെ അടിതെറ്റി
ഹൈദരാബാദ്: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്ന്നുപ്പോള് ഡല്‍ഹി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തി 243 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 30 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. സമീര്‍ റിസ്വി 28 പന്തില്‍ 41 റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 23 പന്തില്‍ 37 റണ്‍സെടുത്തു. 16 പന്തില്‍ 27 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സാണ് ഡല്‍ഹിയുടെ മറ്റൊരു പ്രധാന സ്കോറര്‍. ഹൈദരാബാദിനായി ഇഷാന് മലിംഗ നാലോവറില്‍ 32 റണ്‍സിന് നാലു വിക്കറ്റടുത്തപ്പോള്‍ രണ്ടോവര്‍ മാത്രം പന്തെറിഞ്ഞ ഹര്‍ഷ് ദുബെ 12 റണ്‍സിന് 3 വിക്കറ്റെടുത്തു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 242-2. ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 195-9.
തുടക്കത്തിലെ അടിതെറ്റി
243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് വലിയ ലക്ഷ്യത്തിലെത്താന്‍ മികച്ച തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പാതും നിസങ്ക(6 പന്തില്‍ 8) മടങ്ങിയതോടെ തുടക്കത്തിലെ അടിതെറ്റി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നിതീഷ് റാണയും കെ എല്‍ രാഹുലും ചേര്‍ന്ന് 45 പന്തില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രാഹുലിനെ മടക്കിയ സാക്കിബ് ഹുസൈന് കൂട്ടുകെട്ട് പൊളിച്ചതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയിലായി. പിന്നാലെ നിതീഷ് റാണ മടങ്ങി. ഡേവിഡ് മില്ലര്‍ ഇഷാൻ മലിംഗയുടെ പേസിന് മുന്നില്‍ ഗോള്‍ഡന്‍ ഡക്കായതോടെ ഡല്‍ഹി 107-1ല്‍ നിന്ന് 107-4ലേക്ക് ഡൽഹി കൂപ്പുകുത്തി. പിന്നീട് സമീര്‍ റിസ്വി(28 പന്തില്‍ 41) നടത്തിയ ചെറുത്തുനില്പിന് ഡല്‍ഹിയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ട്രിസ്റ്റന്‍ സ്റ്റബ്സും(16 പന്തും 27) റിസ്വിയും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റബ്സിനെ വീഴ്ത്തിയ മലിംഗ ഡല്‍ഹിയുടെ വഴിയടച്ചു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി അഭിഷേക് ശർമ നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് ആതിഥേയര്‍ക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. 47 പന്തിൽ സെഞ്ചുറി അടിച്ച അഭിഷേക് ശര്‍മ 61 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഫോറും 10 സിക്സും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്സ്. ഓപ്പണിംഗ് വിക്കറ്റില്‍ 8.5 ഓവറില്‍ 97 റൺസിന്റെ കൂട്ടുകെട്ടുയര്‍ത്താന്‍ ഹെഡ്-അഭിഷേക് സഖ്യത്തിനായി. 26 പന്തില്‍ 37 റണ്‍സടിച്ച ഹെഡിനെ വീഴ്ത്തിയ ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ ഇഷാൻ കിഷനും പിന്നീട് ഹെന്റിച്ച് ക്ലാസനും അഭിഷേകിനൊപ്പം തകര്‍ത്തടിച്ചതോടെ ഹൈദദാബാദ് കൂറ്റന്‍ സ്കോറിലെത്തി.
