- Home
- Sports
- Cricket
- വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്
വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്
ഡല്‍ഹിക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയില്‍ ഒന്നാമതെത്തി.

ഓറഞ്ച് ക്യാപ് റാഞ്ചി അഭിഷേക്
ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ മുന്നിലെത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 68 പന്തില്‍ 135 റണ്‍സുമായി പുറത്താകാതെ നിന്ന അഭിഷേക്, 7 മത്സരങ്ങളില്‍ നിന്ന് 53.83 ശരാശരിയിലും 215.33 സ്ട്രൈക്ക് റേറ്റിലും 323 റണ്‍സെടുത്താണ് അഭിഷേക് ഒന്നാം സ്ഥാനത്തെത്തിയത്.
വിടാതെ ക്ലാസന്
323 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ള അഭിഷേകിന് തൊട്ടുപിന്നിലായി സഹതാരം ഹെന്റിച്ച് ക്ലാസനുമുണ്ട്. ഡല്‍ഹിക്കെതിരെ തകര്‍ത്തടിച്ച് 13 പന്തില്‍ 37 റണ്‍സുമായി അഭിഷേകിനൊപ്പം പുറത്താകാതെ നിന്ന ക്ലാസന് 7 മത്സരങ്ങളില്‍ 53.33 ശരാശരിയിലും 153.11 സ്ട്രൈക്ക് റേറ്റിലും 320 റണ്‍സുമായാണ് അഭിഷേകിന് തൊട്ടുപിന്നിലെത്തിയത്.
ഗില്ലും മോശമല്ല
റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റൻസ് നായകന് ശുഭ്മാന്‍ ഗില്ലാണ്. മുംബൈ ഇന്ത്യൻസിനെതിരെ നിരാശപ്പെടുത്തിയെങ്കിലും അഭിഷേകിനെയും ക്ലാസനെയും അപേക്ഷിച്ച് 2 മത്സരം കുറച്ചു കളിച്ച ഗില്‍ 5 മത്സരങ്ങളില്‍ നിന്ന് 53 ശരാശരിയിലും 151.42 സ്ട്രൈക്ക് റേറ്റിലുമായി 265 റണ്‍സെടുത്തിട്ടുണ്ട്.
വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് കോലി
അഭിഷേകിനും ഗില്ലും ഉള്‍പ്പെട്ട യുവതലമുറക്ക് മുന്നില്‍ വീഴാന്‍ ഒരുക്കമല്ലെന്ന മുന്നറിയിപ്പോടെ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ വിരാട് കോലിയും ടോപ് 5ലുണ്ട്. ആറ് മത്സരങ്ങളില്‍ 49.40 ശരാശരിയും 157.32 സ്ട്രൈക്ക് റേറ്റുമടക്കം 247 റണ്‍സെടുത്ത കോലി റണ്‍വേട്ടക്കാരില്‍ നാലാമനാണ്.
വൈഭവ് വൈഭവം
റണ്‍വേട്ടക്കാരുടെ ആദ്യ അഞ്ചില്‍ അഞ്ചാം സ്ഥാനത്ത് ഒരു 15കാരനാണ്. രാജസ്ഥാന് റോയല്‍സിന്റെ വൈഭവ് സൂര്യവംശി. ആറ് കളികളില്‍ 41 റണ്‍സ് ശരാശരിയിലും 236.53 എന്ന മാരക പ്രഹരശേഷിയിലും 246 റണ്‍സടിച്ചാണ് വൈഭവ് അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചത്.
മിന്നി കിഷനും
ഹൈദരാബാദിന്റെ ക്യാപ്റ്റന്‍സി ഉത്തരവാദിത്തിനൊപ്പം മുന്നില്‍ നിന്ന് പടനയിക്കുന്ന ഇഷാന് കിഷനാണ് റണ്‍വേട്ടക്കാരില്‍ ആറാമത്. 7 മത്സരങ്ങളില്‍ നിന്ന് 188.88 പ്രഹശേഷിയിസലും 34 ശരാശരിയിലും 238 റണ്‍സടിച്ചാണ് കിഷന് ആറാം സ്ഥാനത്ത് എത്തിയത്.
പ്രിയാന്‍ഷ് ആര്യയും ടോപ് 10ല്‍
പഞ്ചാബിന്റെ യുവ ഓപ്പണര്‍ പ്രിയാൻഷ് ആര്യയും റണ്‍വേട്ടക്കാരുടെ ടോപ് 10ല്‍ ഇടം നേടി. 230 റണ്‍സുമായി ഏഴാം സ്ഥാനത്തുള്ള രജത് പാട്ടീദാറിനും 223 റണ്‍സുമായി എട്ടാം സ്ഥാനത്തുള്ള കൂപ്പര്‍ കൊണോലിക്കും 223 റണ്‍സുമായി ഒമ്പതാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാളിനും പിന്നിലായി 211 റണ്‍സുമായി പത്താം സ്ഥാനത്താണ് പ്രിയാന്‍ഷ് ആര്യ.
അദ്യ 15ല്‍ ചെന്നൈയുടെ ഒരേയൊരു താരം മാത്രം
റണ്‍വേട്ടക്കാരുടെ ആദ്യ 15ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് ഒരേയൊരു ബാറ്റര്‍ മാത്രമാണുള്ളത്. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിലെ പരിക്കുമൂലം സീസണ് മുഴുവന്‍ നഷ്ടമായ യുവതാരം ആയഷ് മാത്രെ ആണ് 201 റണ്‍സുമായി 15-ാം സ്ഥാനത്ത്.
സഞ്ജു എവിടെ
നേരത്തെ റണ്‍വേട്ടക്കാരുടെ ആദ്യ അഞ്ചില്‍ ഇടം നേടിയിരുന്ന സഞ്ജു ഇപ്പോള്‍ ആദ്യ 15ല്‍ പോലുമില്ല. ഹൈദരാബാദിനെതിരെ നിരാശപ്പെടുത്തയതോടെ സഞ്ജു ആറ് കളികളില്‍ നിന്ന് 38.40 ശരാശരിയിലും 174.54 സ്ട്രൈക്ക് റേറ്റിലും 192 റണ്‍സുമായി 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

