ടി20 ലോകകപ്പില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന തിലക് വര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 

ചെന്നൈ: ടി20 ലോകകപ്പില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന യുവതാരം തിലക് വര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് 118 സ്‌ട്രൈക്ക് റേറ്റില്‍ 107 റണ്‍സ് മാത്രമാണ് തിലകിന് നേടാനായത്. ബാറ്റിംഗില്‍ ഒരു ആങ്കര്‍ റോള്‍ കൈകാര്യം ചെയ്യുന്ന തിലക്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ തന്റെ ശൈലി മാറ്റാന്‍ ശ്രമിച്ചതാണ് പുറത്താകാന്‍ കാരണമായതെന്ന് കൈഫ് വിലയിരുത്തി.

സ്വന്തം ശൈലിയില്‍ ഉറച്ചുനില്‍ക്കണം

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മാര്‍ക്കോ യാന്‍സനെ ക്രീസിന് പുറത്തിറങ്ങി അടിക്കാന്‍ ശ്രമിച്ച തിലക് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഈ സമീപനത്തെ സുനില്‍ ഗവാസ്‌കര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ കൈഫും സമാനമായ അഭിപ്രായം പങ്കുവെച്ചത്. ''തിലക് വര്‍മയ്ക്ക് കളിക്കാന്‍ തനതായ ഒരു ശൈലിയുണ്ട്. കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചാലും അദ്ദേഹത്തിന് അത് പരിഹരിക്കാനാകും. എന്നാല്‍ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഭയന്ന് വലിയ ഷോട്ടിന് മുതിര്‍ന്നതാണ് തിരിച്ചടിയായത്. ടീം മാനേജ്മെന്റ് തിലകിനോട് സംസാരിക്കണം. അദ്ദേഹം വിരാട് കോലി, നങ്കൂരമിട്ട് കളിക്കുന്നത് പോലെ ചെയ്യണം.'' കൈഫ് പറഞ്ഞു.

കളി അവസാനം വരെ കൊണ്ടുപോകണം

ഇന്ത്യന്‍ നിരയില്‍ അടിച്ചുതകര്‍ക്കാന്‍ ഒരുപാട് താരങ്ങളുണ്ടെന്നും എന്നാല്‍ കളി അവസാനം വരെ എത്തിക്കാന്‍ ഒരാള്‍ വേണമെന്നും കൈഫ് ഓര്‍മ്മിപ്പിച്ചു. ''അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവര്‍ ടീമിലുണ്ട്. തിലകിന് ഒരു ചേസ് മാസ്റ്റര്‍ ആകണമെങ്കില്‍ 20-ാം ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ ശീലിക്കണം. എല്ലാവരും അടിച്ചുതകര്‍ക്കുമ്പോള്‍, കളി ആഴത്തില്‍ കൊണ്ടുപോകുന്ന ഒരാളെങ്കിലും ടീമില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.'' കൈഫ് വ്യക്തമാക്കി.

ഫെബ്രുവരി 26 വ്യാഴാഴ്ച ചെന്നൈയില്‍ സിംബാബ്വെക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ തിലക് വര്‍മ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

YouTube video player