പരിക്കേറ്റ രോഹിത് ശര്‍മ്മ കളിക്കാന്‍ സാധ്യതയില്ലാത്തതും ബൗളര്‍മാരുടെ മോശം ഫോമും മുംബൈക്ക് തിരിച്ചടിയാകുമ്പോള്‍, പഞ്ചാബ് മികച്ച ഫോമിലാണ്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പതിവ് തെറ്റിച്ച് ജയിച്ച് തുടങ്ങിയെങ്കിലും തുടര്‍ തോല്‍വികളുടെ നിലയില്ലാക്കയത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ഒറ്റക്കളിയും തോല്‍ക്കാതെ മുന്നേറുന്ന പഞ്ചാബ് കിംഗ്‌സ്. വാംഖഡേയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോഴും സമ്മര്‍ദം ഹാര്‍ദിക് പണ്ഡ്യയുടെ മുംബൈയ്ക്ക്. സര്‍വത്ര പ്രതിസന്ധിയാണ് മുംബൈ ക്യാന്പില്‍. പവര്‍പ്ലേയില്‍ വിയര്‍ക്കുന്ന ഓപ്പണര്‍മാര്‍.

ആടി ഉലയുന്ന മധ്യനിര. മുനയൊടിഞ്ഞ ബൗളിംഗ്. പരിക്കേറ്റ രോഹിത് ശര്‍മ്മ കളിച്ചേക്കില്ല. തിലക് വര്‍മ റണ്ണടിക്കാന്‍ പാടുപെടുന്നു. താളം തെറ്റിയ ട്രെന്റ് ബോള്‍ട്ടും മിച്ചല്‍ സാന്റ്‌നറും. ഇതിനെല്ലാം പുറമേ വിശ്വസ്ത ബൗളര്‍ ജസ്പ്രിത് ബുംറയ്ക്ക് നാല് കളിയില്‍ ഒറ്റവിക്കറ്റ് നേടാനായിട്ടില്ല എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മറുവശത്ത് ആശങ്കകള്‍ ഒന്നുമില്ല പഞ്ചാബിന്. തകര്‍ത്തടിക്കുന്ന പ്രഭ്‌സിമ്രാന്‍ സിംഗ് പ്രിയാന്‍ഷ് ആര്യ ഓപ്പണിംഗ് ജോഡി. മധ്യനിരയ്ക്ക് കരുത്തായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കൂപ്പര്‍ കൊനോലിയും.

അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹല്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബൗളിംഗ് നിരയും ഫോമില്‍. നേര്‍ക്കുനേര്‍പോരാട്ടക്കണക്കില്‍ ഇരുടീമും ഒപ്പത്തിനൊപ്പം. 34 കളിയില്‍ ഇരുടീമിനും പതിനേഴ് ജയം വീതം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

പഞ്ചാബ് കിംഗ്‌സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍, നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കിള്‍ട്ടണ്‍, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ഷെഫാനെ റൂഥര്‍ഫോര്‍ഡ്, നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, അശ്വനി കുമാര്‍.

YouTube video player