ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗോള്‍ഡന്‍ ഡക്കിന് പുറത്തായതോടെ സൂര്യകുമാര്‍ യാദവിൻ്റെ മോശം ഫോം തുടരുന്നു. മികച്ച ക്യാപ്റ്റൻസി റെക്കോർഡുണ്ടെങ്കിലും, ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ ഇന്ത്യൻ ടീമിലെ അദ്ദേഹത്തിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കയുണർത്തുന്നു.

മുംബൈ: മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം ഐപിഎല്ലിലും തുടരുന്നു. വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ മുംബൈ താരം അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കുകയായിരുന്ന താരം. പരിക്കു മൂലം രോഹിത് ശര്‍മ്മ കളിക്കാതിരുന്ന മത്സരത്തില്‍, വലിയ ഉത്തരവാദിത്തം ബാറ്റിംഗില്‍ സൂര്യകുമാറിനുണ്ടായിരുന്നു. എന്നാല്‍ ഈ സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 106 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ മികച്ചതാണെങ്കിലും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ വലിയ ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ മികച്ച തന്ത്രങ്ങള്‍ അദ്ദേഹം പുറത്തെടുത്തെങ്കിലും ബാറ്റിംഗില്‍ പരാജയമായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഉള്‍പ്പെടെ താരം പൂജ്യത്തിന് പുറത്തായി. നായകനെന്ന നിലയില്‍ ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയശതമാനമുള്ള നായകന്മാരില്‍ ഒരാളാണ് സൂര്യ. 52 മത്സരങ്ങളില്‍ നിന്ന് 40 ജയങ്ങളോടെ 80.76% വിജയശതമാനം അദ്ദേഹത്തിനുണ്ട്.

2025ല്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 120-ന് താഴേക്ക് പോയി. ഈ സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് 20 റണ്‍സ് കടന്നത്. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള ടീം ഘടനയെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്ന ഈ സമയത്ത് സൂര്യയുടെ ഫോം നിര്‍ണായകമാണ്. ഒളിമ്പിക്‌സ് സമയത്ത് താരത്തിന് 37 വയസ്സ് കഴിഞ്ഞിരിക്കും എന്നത് സെലക്ഷന്‍ കമ്മിറ്റിയെ ചിന്തിപ്പിക്കുന്ന ഘടകമാണ്. വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ സൂര്യകുമാറിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.

നിലവില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്. എങ്കിലും, പഴയ '360 ഡിഗ്രി' ബാറ്റിംഗ് ശൈലിയും സ്ഥിരതയും വീണ്ടെടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന യുവതാരങ്ങളുടെ നിരയില്‍ തന്റെ സ്ഥാനം നിലനിര്‍ത്തുക സൂര്യകുമാറിന് വെല്ലുവിളിയാകും.

YouTube video player