ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ ആവശ്യപ്പെട്ടു. സഞ്ജുവിന്റെ സമീപകാല സെഞ്ചുറികള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തപ്പയുടെ വാദം. 

ബെംഗളൂരു: വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണിംഗ് ബാറ്ററായിട്ടാണ് സഞ്ജു സാംസണ്‍ ഇടം നേടിയത്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു എത്തിയത്. പ്രധാന വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. മലയാളി താരത്തിന് ബാക്ക് അപ്പായി ഇഷാന്‍ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിതേഷ് ശര്‍മയ്ക്ക് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിലും വിജയ് ഹസാരെ ടൂര്‍ണമെന്റിലും മികച്ച ഫോമിലാണ് കിഷന്‍. അങ്ങനെ കളിക്കുന്ന കിഷനെ ഓപ്പണറാക്കണമെന്നുള്ള വാദം ഒരു ഭാഗത്തുണ്ട്.

ഇതിനിടെ സഞ്ജു ഓപ്പണറാകണമെന്ന് വാദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. മുമ്പ് കേരളത്തിന് വേണ്ടിയും കളിച്ചിട്ടുള്ള ഉത്തപ്പ പറയുന്നത് ഇങ്ങനെ... ''എന്തുതന്നെ സംഭവിച്ചാലും സഞ്ജു സാംസണ്‍ ടി20 ലോകകപ്പില്‍ ഉറപ്പായും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം. 2024 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ടി20 മത്സരങ്ങളില്‍ സെഞ്ചുറികള്‍ നേടിയ താരമാണ് സഞ്ജു. അതും തുടര്‍ച്ചയായി. ആദ്യം ബംഗ്ലാദേശിനെതിരേയും പിന്നീട് ദക്ഷിണാാഫ്രിക്കയ്‌ക്കെതിരേയും. യുവതാരങ്ങള്‍ പ്രചോദനമാകാന്‍ സഞ്ജുവിന് സാധിച്ചു.'' ഉത്തപ്പ പറഞ്ഞു.

നേരത്തെ, ഇഷാന്‍ കിഷന്‍ ഓപ്പണറാവുന്നതാണ് കൂടുതല്‍ നല്ലതെന്ന് കിഷന്റെ ബാല്യകാല പരിശീലകനും മെന്ററുമായ ഉത്തം മജൂംദാര്‍ പറഞ്ഞിരുന്നു. പ്ലേയിംഗ് ഇലവനെ തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. എങ്കിലും പവര്‍ പ്ലേയില്‍ അഭിഷേകിനൊപ്പം കൂടുതല്‍ ഫലപ്രദമാകുക ഇഷാന്‍ കിഷനാവുമെന്നാണ് എനിക്ക് തോന്നുന്നത്. മധ്യ ഓവറുകളില്‍ കിഷന് ബാറ്റ് ചെയ്യാനാവുമെങ്കിലും ഐപിഎല്ലിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഓപ്പണറെന്ന നിലയില്‍ താന്‍ എത്രമാത്രം വിനാശകാരിയാണെന്ന് കിഷന്‍ തെളിയിച്ചുവെന്നും ഉത്തം മജൂംദാര്‍ ടെലികോം ഏഷ്യാ സ്‌പോര്‍ട്ടിനോട് വ്യക്തമാക്കി.

ടി20 ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയില്‍ അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു സാംസണ്‍ തന്നെ ഓപ്പണറാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ സഞ്ജു നിരാശപ്പെടുത്തിയാല്‍ മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകക്കെതിരെ ആറാമനായി ഇറങ്ങി 33 പന്തില്‍ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സഞ്ജുവിന് നിര്‍ണായകമാണ്.

YouTube video player