നമീബിയക്കെതിരെ അഭിഷേകിന് വിശ്രമം നല്‍കി സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദില്ലി: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇന്ത്യ മറ്റന്നാള്‍ നമീബിയക്കെതിരെ ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് അരങ്ങേറ്റത്തിന് വഴിതെളിയുമോ. അമേരിക്കക്കെതിരെ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മത്സരത്തില്‍ ഗോൾഡന്‍ ഡക്കായി മടങ്ങിയ അഭിഷേക് ശര്‍മ കടുത്ത പനിയും വയറുവേദനയും മൂലം പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.

ഈ സാഹചര്യത്തില്‍ നമീബിയക്കെതിരെ അഭിഷേകിന് വിശ്രമം നല്‍കി സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മത്സരം പാകിസ്ഥാനെതിരെ ആണെന്നതിനാല്‍ തിരക്കിട്ട് അഭിഷേകിനെ നമീബിയക്കെതിരെ കളിക്കാനിറക്കേണ്ടതില്ലെന്നും അഭിപ്രായമുയരുന്നുണ്ട്. പേസര്‍ ജസ്പ്രീത് ബുമ്രയും ആദ്യ മത്സരത്തില്‍ കടുത്ത പനി മൂലം കളിച്ചിരുന്നില്ല. ബുമ്ര രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയാല്‍ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. മറ്റന്നാള്‍ ദില്ലി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് നമീബിയക്കെിരായ ഇന്ത്യയുടെ രണ്ടാം മത്സരം. ഇതിന് മുമ്പ് പരിക്കുമൂലം പുറത്തായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ആദ്യ മത്സരത്തിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.

ഇടം കൈയന്‍മാരുടെ ആധിക്യം തിരിച്ചടിയായോ

അമേരിക്കക്കെതിരെ ബാറ്റിംഗ് നിരയില്‍ കൂടുതല്‍ ഇടം കൈയന്‍മാരെ ഇറക്കിയ തന്ത്രം തിരിച്ചടിയായതും നമീബിയക്കെതിരായ രണ്ടാ മത്സരത്തില്‍ സഞ്ജുവിന്‍റെ സാധ്യത കൂട്ടുന്നു. ബാറ്റിംഗ് നിരയില്‍ ആദ്യ മൂന്ന് പേരായ ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരെല്ലാം ഇടം കൈയന്‍മാരായിരുന്നു. ബാറ്റിംഗ് നിരയിലെ ടോപ് 7ല്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും മാത്രമാണ് വലംകൈയന്‍ ബാറ്റര്‍മാരായി ഉണ്ടായിരുന്നത്. മധ്യനിരയില്‍ ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിംഗ്, വാലറ്റത്ത് അര്‍ഷ്ദീപ് സിംഗ് എന്നിവരും ഇടം കൈയന്‍ ബാറ്റര്‍മാരായിരുന്നത് അമേരിക്കൻ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി എന്ന വിലയിരുത്തലുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് നമീബിയക്കെതിരെ ഓപ്പണര്‍മാരായി സഞ്ജു സാംസണെയും ഇഷാൻ കിഷനെയും കളിപ്പിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. നമീബിയക്കെതിരെ അവസരം ലഭിച്ചാല്‍ ഫോം വീണ്ടെടുക്കാന്‍ സഞ്ജുവിന് ലഭിക്കുന്ന സുവര്‍ണാവസരമാകും അത്. എന്നാല്‍ ആദ്യ മത്സരത്തിലെ നിരാശ തീര്‍ക്കാന്‍ അഭിഷേകിനെ തന്നെ കളിപ്പിക്കണമെന്ന് ടീം മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ സഞ്ജു വീണ്ടും പുറത്തിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക