ഞാന്‍ മുമ്പും ഇന്ത്യൻ ടീമിനെതിരെ കളിച്ചിട്ടുണ്ട്. പക്ഷെ അന്നൊക്കെ അവര്‍ കളിയെ മാനിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിരുന്ന് കളി കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഈ ടീം കളിയെ ബഹുമാനിക്കുന്നില്ല എന്നുതന്നെയാണ്.
കറാച്ചി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യണ താരങ്ങള്‍ കളിയുടെ മാന്യതക്ക് നിരക്കാത്ത തരത്തില്‍ പെരുമാറിയെന്ന ആരോപണവുമായി പാക് ടീം മെന്ററും മാനേജരും മുന്‍ നായകനുമായ സര്‍ഫറാസ് അഹമ്മദ്. നേരത്തെ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് സര്‍ഫറാസ് അഹമ്മദ് പാക് താരങ്ങള്‍ക്ക് നിര്‍ദേശം നല്കുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു. അവഗണിക്കുന്നവരോട് തിരിച്ച് അവഗണന കാട്ടാന്‍ നില്‍ക്കരുതെന്നും കളിയുടെ മാന്യത വിട്ട് പെരുമാറരുതെന്നും സര്‍ഫറാസ് പാക് താരങ്ങളോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പുകളായിരുന്നു പുറത്തുവന്നത്.
ഇതിന്റെ ആധികാരിത ഉറപ്പില്ലായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോ തന്റേത് തന്നെയാണെന്ന് സര്‍ഫറാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞാന്‍ മുമ്പും ഇന്ത്യൻ ടീമിനെതിരെ കളിച്ചിട്ടുണ്ട്. പക്ഷെ അന്നൊക്കെ അവര്‍ കളിയെ മാനിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിരുന്ന് കളി കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഈ ടീം കളിയെ ബഹുമാനിക്കുന്നില്ല എന്നുതന്നെയാണ്. ഗ്രൗണ്ടില്‍ ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം പലപ്പോഴും അധാര്‍മികമായിരുന്നു. ഗ്രൗണ്ടില്‍വെച്ച് ഇന്ത്യൻ താരങ്ങള്‍ പുറത്തെടുത്ത പലക വികാര പ്രകടനങ്ങളും നിങ്ങളും ടിവിയിലൂടെ കണ്ടിട്ടുണ്ടാവും. പക്ഷെ ഞങ്ങള്‍ കളിയുടെ മാന്യതക്ക് നിരക്കുന്ന തരത്തില്‍ മാത്രമാണ് വിജയം ആഘോഷിച്ചതെന്നും സര്‍ഫറാസ് പറഞ്ഞു.
മത്സരത്തിനിടെ പലപ്പോഴും ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ പുറത്തായപ്പോള്‍ വിക്കറ്റ് ആഘോഷിച്ച പാക് അലി റാസക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കിരീടം നേടിയ പാകിസ്ഥാന് ടീമിന് പാകിസ്ഥാന് പ്രധാനമന്ത്രി പാരിതോഷികം പ്രഖ്യാപിച്ച കാര്യവും വാര്‍ത്താ സമ്മേളനത്തില്‍ സര്‍ഫറാസ് വ്യക്തമാക്കിയിരുന്നു.കിരീടം നേടിയ പാകിസ്ഥാന് ടീമിന് നല്കിയ സ്വീകരണത്തിലാണ് പ്രധാനമന്ത്രി ടീം അംഗങ്ങള്‍ക്ക് ഒരു കോടി പാകിസ്ഥാനി രൂപ(ഇന്ത്യൻ രൂപയില്‍ ഏകദേശം 32ലക്ഷം) പാരിതോഷികമായി പ്രഖ്യാപിച്ചത്.ഞായറാഴ്ച അബുദാബിയില്‍ നടന്ന കിരീടപ്പോരില്‍ ഇന്ത്യയെ 191 റണ്‍സിനായിരുന്നു പാകിസ്ഥാന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ് പാകിസ്ഥാന് 172 റണ്‍സടിച്ച ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 26.2 ഓവറില്‍ 156ന് ഓൾ ഔട്ടാവുകയായിരുന്നു.


