ടി20 ലോകകപ്പില്‍ ആരാധകർ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരില്‍ കളം നിറഞ്ഞത് ഇഷാൻ കിഷനായിരുന്നു. താരം നിരവധി റെക്കോർഡുകളും ഒരൊറ്റ ഇന്നിങ്സില്‍ മറികടന്നു

ഇഷാൻ കിഷൻ, പോക്കറ്റ് ഡൈനാമോ എന്ന് ചുമ്മാ വിളിക്കുന്നതല്ല. അതിപ്പോള്‍ പാക്കിസ്ഥാനും മനസിലായി. കൊളംബോയില്‍ റണ്‍മഴ അയിരുന്നില്ല, മറിച്ച് റെക്കോർഡുകളായിരുന്നു ഇഷാന്റെ ബാറ്റില്‍ നിന്ന് പെയ്‌തിറങ്ങിയത്.

40 പന്തില്‍ 77 റണ്‍സ്. പത്ത് ഫോറും മൂന്ന് സിക്‌സും. കളിയിലെ താരം. ഒരു ഇന്ത്യ - പാക് മത്സരത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി ഇനി ഇഷാന്റെ പേരിലായിരിക്കും. 27 പന്തുകള്‍ മാത്രമാണ് 50 തികയ്ക്കാൻ ഇഷാന് ആവശ്യമായി വന്നത്.

മറ്റൊന്ന് ഇന്ത്യ-പാക് പോരുകളിലെ ഒരു ഇന്ത്യൻ ഓപ്പണറുടെ ഉയർന്ന സ്കോറാണ്. 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഗൗതം ഗംഭീര്‍ നേടിയ 75 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോ‍ര്‍ഡ്.

77 റണ്‍സില്‍ ഇഷാൻ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 88 ആയിരുന്നു. 87.5 ശതമാനവും ഇഷാന്റെ സംഭാവന. ഔട്ടാകുമ്പോള്‍ ടീം സ്കോര്‍ 80 കടന്ന സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഇതും റെക്കോര്‍ഡാണ്.

കൊളംബൊ ആതിഥേയത്വം വഹിച്ച ടി20കളില്‍ 40ലധികം പന്ത് നേരിട്ട ഇന്നിങ്സുകളില്‍ ഇഷാന്റെ അത്രയും സ്ട്രൈക്ക് റേറ്റില്‍ മറ്റൊരു താരവും ബാറ്റ് ചെയ്തിട്ടില്ല.