മത്സരത്തില്‍ ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം മാന്യതക്ക് നിരക്കുന്നതായിരുന്നില്ലെന്ന് പാക് ടീം പരിശീലകനായിരുന്ന മുന്‍ നായകന് സര്‍ഫറാസ് അഹമ്മദ് ആരോപിച്ചിരുന്നു.
അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ പാകിസ്ഥാന് താരങ്ങളോട് മോശമായി പെരുമാറിയ ഇന്ത്യൻ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വി ഐസിസിയെ സമീപിക്കും. മത്സരത്തില്‍ ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം മാന്യതക്ക് നിരക്കുന്നതായിരുന്നില്ലെന്ന് പാക് ടീം പരിശീലകനായിരുന്ന മുന്‍ നായകന് സര്‍ഫറാസ് അഹമ്മദ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യൻ താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ ഐസിസിയെ സമീപിക്കുമെന്ന് നഖ്വി മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യൻ താരങ്ങള്‍ക്കെതിരെ ഐസിസിക്ക് ഔദ്യോഗികമായി തന്നെ പരാതി നല്‍കുമെന്നും രാഷ്ട്രിയത്തെയും കളിയെയും രണ്ടായി കാണണമെന്നും നഖ്വി പറഞ്ഞു.
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങളോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് സര്‍ഫറാസ് അഹമ്മദ് പാക് താരങ്ങള്‍ക്ക് നിര്‍ദേശം നല്കുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു. അവഗണിക്കുന്നവരോട് തിരിച്ച് അവഗണന കാട്ടാന്‍ നില്‍ക്കരുതെന്നും കളിയുടെ മാന്യത വിട്ട് പെരുമാറരുതെന്നും സര്‍ഫറാസ് പാക് താരങ്ങളോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പുകളായിരുന്നു പുറത്തുവന്നത്. ഇതിന്റെ ആധികാരിത ഉറപ്പില്ലായിരുന്നെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോ തന്റേത് തന്നെയാണെന്ന് സര്‍ഫറാസ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ മുമ്പും ഇന്ത്യൻ ടീമിനെതിരെ കളിച്ചിട്ടുണ്ട്. പക്ഷെ അന്നൊക്കെ അവര്‍ കളിയെ ബഹുമാനിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിരുന്ന് കളി കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഈ ടീം കളിയെ ബഹുമാനിക്കുന്നില്ല എന്നുതന്നെയാണ്. ഗ്രൗണ്ടില്‍ ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം പലപ്പോഴും അധാര്‍മികമായിരുന്നു. ഗ്രൗണ്ടില്‍വെച്ച് ഇന്ത്യൻ താരങ്ങള്‍ പുറത്തെടുത്ത പലക വികാര പ്രകടനങ്ങളും നിങ്ങളും ടിവിയിലൂടെ കണ്ടിട്ടുണ്ടാവും. പക്ഷെ ഞങ്ങള്‍ കളിയുടെ മാന്യതക്ക് നിരക്കുന്ന തരത്തില്‍ മാത്രമാണ് വിജയം ആഘോഷിച്ചതെന്നും സര്‍ഫറാസ് പറഞ്ഞിരുന്നു.
അതേസമയം, ഫൈനലില്‍ പാകിസ്ഥാനോട് കൂറ്റൻ തോല്‍വി വഴങ്ങിയതിന് പിന്നാലെ തോൽവിയെക്കുറിച്ച് പരിശീലകനോടും ക്യാപ്റ്റനോടും ബിസിസിഐ വിശദീകരണം തേടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പാകിസ്ഥാനെതിരായ ഫൈനലിൽ ചില ഇന്ത്യൻ താരങ്ങളുടെ അതിരുകടന്ന പെരുമാറ്റങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയാകുമെന്നും സൂചനയുണ്ട്. ഞായറാഴ്ച അബുദാബിയില്‍ നടന്ന കിരീടപ്പോരില്‍ ഇന്ത്യയെ 191 റണ്‍സിനായിരുന്നു പാകിസ്ഥാന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ് പാകിസ്ഥാന് 172 റണ്‍സടിച്ച ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 26.2 ഓവറില്‍ 156ന് ഓൾ ഔട്ടാവുകയായിരുന്നു.


