ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇന്നലെ വിഘ്നേഷ് തകര്‍ത്തത്.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ ലോക റെക്കോര്‍ഡ് പ്രകടനവുമായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍. ഇന്നലെ ത്രിപുരക്കെതിരായ മത്സരത്തില്‍ കേരളത്തിനായി അരങ്ങേറിയ വിഘ്നേഷ് ബൗളിംഗിലല്ല ലോക റെക്കോര്‍ഡിട്ടത് എന്നതാണ് മറ്റൊരു പ്രത്യേകത. കേരളം 145 റണ്‍സിന്‍റെ ആധികാരിക ജയം നേടിയ മത്സരത്തില്‍ ഏകദിന മത്സരങ്ങളില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന ഫീല്‍ഡറെന്ന റെക്കോര്‍ഡാണ് വിഘ്നേഷ് സ്വന്തമാക്കിയത്. ആറ് ക്യാച്ചുകളാണ് ഇന്നലെ വിഘ്നേഷ് കൈപ്പിടിയിലൊതുക്കിയത്. ഇതിലൊന്ന് സ്വന്തം ബൗളിംഗിലുമായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇന്നലെ വിഘ്നേഷ് തകര്‍ത്തത്.1993 നവംബര്‍ 14ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അഞ്ച് ക്യാച്ചുകളെടുത്തായിരുന്നു റോഡ്സ് റെക്കോര്‍ഡിട്ടത്. ഈ വര്‍ഷം മെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ അഞ്ച് ക്യാച്ചുകളെടുത്ത് ഹാരി ബ്രൂക്കും റോഡ്സിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മേഘാലയ താരം അരിയന്‍ സാങ്മയും ഒരു മത്സരത്തില്‍ അഞ്ച് ക്യാച്ചുകള്‍ എടുത്തിരുന്നു.

ഓസ്ട്രേലിയന്‍ താരങ്ങളായ ബ്രാഡ് യംഗ്, പീറ്റന്‍ ഹാന്‍ഡ്സ്കോംബ്, എന്നിവരും ഒരു ഏകദിന മത്സരത്തില്‍ അഞ്ച് ക്യാച്ചുകളെടുത്തവരാണ്. എന്നാല്‍ ആദ്യമായാണ് വിക്കറ്റ് കീപ്പറല്ലാത്തൊരു താരം മത്സരത്തില്‍ ആറ് ക്യാച്ചുകളെടുക്കുന്നത്. മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന വിഘ്നേഷ് പതിനൊന്നാം ഓവറില്‍ സ്വന്തം ബൗളിംഗില്‍ ത്രിപുര ഓപ്പണര്‍ ഉഡിയാന്‍ ബോസിനെ ക്യാച്ചെടുത്താണ് റെക്കോര്‍ഡിലേക്ക് ആദ്യ ചുവടുവെച്ചത്. 

പിന്നീട് 5വിക്കറ്റെടുത്ത ബാബാ അപരാജിതിന്‍റെ ബൗളിംഗില്‍ സ്വപ്നില്‍ സിംഗ്, സൗരഭ് ദാസ്, അഭിജിത് സര്‍ക്കാര്‍, വിക്കി ഷാ എന്നിവരെയും വിഘ്നേഷ് കൈപ്പിടിയില്‍ ഒതുക്കി. അങ്കിത് കുമാറിന്‍റെ ബൗളിംഗില്‍ ശ്രിദ്ധം പോളിനെക്കൂടി പിടി കൂടിയാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്ന വിഘ്നേഷിനെ ഇത്തവണത്തെ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്ക് ടീമിലെത്തിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക