ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് ശേഷം, ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുമായി ടീം ബസ്സില്‍ വെച്ച് ഗൗരവമായി സംസാരിക്കുന്ന വീഡിയോ വൈറലായി. 

ചെന്നൈ: സൂപ്പര്‍ 8 ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണികള്‍ക്ക് സാധ്യതയേറുന്നു. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകരും വിദഗ്ധരും ഒരുപോലെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെ, ഹെഡ് കോച്ച് ഗൗതം ഗംഭീറും ഓപ്പണര്‍ അഭിഷേക് ശര്‍മ്മയും തമ്മിലുള്ള ഗൗരവകരമായ ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ടീം ബസിനുള്ളിലെ ചര്‍ച്ച

തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം താരങ്ങള്‍ ടീം ബസിലേക്ക് കയറുന്നതിനിടെയാണ് ക്യാമറകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലെ സീറ്റിലിരുന്ന് ഗൗതം ഗംഭീര്‍ ഔട്ട് ഓഫ് ഫോമിലുള്ള അഭിഷേക് ശര്‍മ്മയോട് അതീവ ഗൗരവത്തോടെ സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ടീം മാനേജ്മെന്റ് നിരന്തരമായി അവസരങ്ങള്‍ നല്‍കിയിട്ടും ഫോമിലേക്കുയരാന്‍ സാധിക്കാത്ത അഭിഷേകിന് ഗംഭീര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീഡിയോ കാണാം...

Scroll to load tweet…

നിര്‍ണ്ണായക മത്സരത്തില്‍ പതറി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ വലിയ സ്‌കോര്‍ പിന്തുടരുന്നതിനിടെ ഒരു ഫോറടിച്ച് അഭിഷേക് പ്രതീക്ഷ നല്‍കിയെങ്കിലും 15 റണ്‍സിന് പുറത്താവുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ 76 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരായ അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.

സിംബാബ്വെയ്ക്കെതിരെ മാറ്റങ്ങള്‍ ഉറപ്പ്

ഫെബ്രുവരി 26-ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ സിംബാബ്വെയ്ക്കെതിരെ നടക്കുന്ന അടുത്ത മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. ഈ മത്സരത്തില്‍ ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും. ദക്ഷിണാഫ്രിക്കയോടേറ്റ പരാജയം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ച സാഹചര്യത്തില്‍, ഗംഭീറും അഭിഷേകും തമ്മിലുള്ള ഈ ചര്‍ച്ച വരാനിരിക്കുന്ന നിര്‍ണ്ണായക പോരാട്ടത്തിന് മുന്നോടിയായി ടീമിനെ സജ്ജമാക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

YouTube video player