പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും തമ്മിൽ ഫീൽഡ് സെറ്റിംഗിനെ ചൊല്ലി തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മത്സരശേഷം ടീമിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് ഹാർദിക് സൂചിപ്പിക്കുകയും ചെയ്തു.

മുംബൈ: ഐപിഎല്‍ 2026 സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയും വഴങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി സൂചന. പഞ്ചാബ് കിങ്സിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 16.3 ഓവറില്‍ ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നിരുന്നു.

മത്സരത്തിനിടയിലെ നിര്‍ണ്ണായക ഘട്ടത്തില്‍ ബുംറയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി ഹാര്‍ദിക് ഫീല്‍ഡ് സെറ്റ് ചെയ്തതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ ദൃശ്യങ്ങളില്‍ ബുംറ ക്യാപ്റ്റനോട് തര്‍ക്കിക്കുന്നതും ഒടുവില്‍ അതൃപ്തിയോടെ പന്തെറിയാന്‍ പോകുന്നതും വ്യക്തമാണ്. മത്സരശേഷം ടീം അംഗങ്ങളുടെ പ്രകടനത്തെ ഹാര്‍ദിക് പാണ്ഡ്യ രൂക്ഷമായി വിമര്‍ശിച്ചു. ടീമില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്ന സൂചനയും ക്യാപ്റ്റന്‍ നല്‍കി.

Scroll to load tweet…

ഹാര്‍ദിക്കിന്റെ വാക്കുകള്‍... ''സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്ക് ഒന്നും പറയാനില്ല. ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. അത് വ്യക്തിപരമായ വീഴ്ചയാണോ അതോ പ്ലാനിംഗിലെ പാളിച്ചയാണോ എന്ന് കണ്ടെത്തണം. വരും ദിവസങ്ങളില്‍ ഞങ്ങള്‍ ഇതിനെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യും.'' ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിതെന്നും, ടീം എന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോയിന്റ് പട്ടികയില്‍ പിന്നിലേക്ക്

ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും (112*) നമന്‍ ധീറിന്റെ അര്‍ധസെഞ്ചുറിയും (50) മുംബൈയെ മികച്ച സ്‌കോറില്‍ എത്തിച്ചെങ്കിലും ബൗളിംഗിലെ പരാജയം തിരിച്ചടിയായി. തന്റെ നാലോവറില്‍ 41 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. ഹാര്‍ദിക്കാകട്ടെ ബാറ്റിംഗില്‍ 14 റണ്‍സ് മാത്രമാണ് നേടിയത്. തിങ്കളാഴ്ച്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്ന അടുത്ത മത്സരം മുംബൈയ്ക്ക് അതിനിര്‍ണായകമാണ്. ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

YouTube video player