മത്സരത്തിലെ രണ്ട് പ്രധാന തീരുമാനങ്ങളാണ് പന്തിനെ പ്രതിക്കൂട്ടിലാക്കിയത്. കൊൽക്കത്ത ഇന്നിംഗ്‌സിലെ അവസാന ഓവർ എറിയാൻ സ്പിന്നർ ദിഗ്‌വേഷ് രതിയെ ഏൽപ്പിച്ച പന്തിന്‍റെ നീക്കം വലിയ തിരിച്ചടിയായിയിരുന്നു.

ലക്നൗ: ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം തോൽവിയും വഴങ്ങി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണതിന് പിന്നാലെ പ്രതികരണവുമായി ലക്നൗ സൂപ്പർ ജയന്‍റ്സ് ക്യാപ്റ്റൻ റിഷഭ് പന്ത്. ടീമിൽ വലിയ സമ്മർദ്ദമുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ താരങ്ങൾക്ക് ഒരു വിശ്രമം അത്യാവശ്യമാണെന്നും കൊല്‍ക്കത്തക്കെതിരായ തോല്‍വിക്കുശേഷം റിഷഭ് പന്ത് പറഞ്ഞു. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പന്ത് എടുത്ത ചില തീരുമാനങ്ങൾ പാളിയതിനെതിരെ വിമർശനം ശക്തമാകുന്നതിനിടയിലാണ് ക്യാപ്റ്റന്റെ തുറന്നുപറച്ചിൽ.

മത്സരത്തിലെ രണ്ട് പ്രധാന തീരുമാനങ്ങളാണ് പന്തിനെ പ്രതിക്കൂട്ടിലാക്കിയത്. കൊൽക്കത്ത ഇന്നിംഗ്‌സിലെ അവസാന ഓവർ എറിയാൻ സ്പിന്നർ ദിഗ്‌വേഷ് രതിയെ ഏൽപ്പിച്ച പന്തിന്‍റെ നീക്കം വലിയ തിരിച്ചടിയായിയിരുന്നു. റിങ്കു സിംഗ് ആ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തിയതോടെയാണ് കൊല്‍ക്കത്ത പൊരുതാവുന്ന സ്കോറിലെത്തിയത്. ചില സമയത്ത് ബൗളർമാർക്ക് കഠിനമായ ഓവറുകൾ എറിയേണ്ടി വരും. വിക്കറ്റ് ലക്ഷ്യമിട്ടാണ് ആ നീക്കം നടത്തിയത്, പക്ഷേ അത് പാളിപ്പോയി, എന്നായിരുന്നു ഈ തീരുമാനമെടുത്തതിന് പന്ത് നൽകിയ വിശദീകരണം.

സൂപ്പർ ഓവറിൽ ഫോമിലുള്ള റിഷഭ് പന്തിനെയോ മിച്ച് മാർഷിനെയോ പരിഗണിക്കാതെ മോശം ഫോമിലുള്ള നിക്കോളാസ് പൂരാനെ തിരഞ്ഞെടുത്തതും ലക്നൗവിന് തിരിച്ചടിയായിരുന്നു. പൂരാൻ പൂജ്യത്തിന് പുറത്തായതോടെ ലക്നൗവിന്‍റെ പോരാട്ടം വെറും ഒരു റണ്ണിൽ അവസാനിച്ചു. ഞങ്ങൾ ഒരു ടീമെന്ന നിലയിൽ ചർച്ച ചെയ്തെടുത്ത തീരുമാനമായിരുന്നു അത്. ആ ചർച്ചയിൽ വന്ന പേര് പൂരാന്‍റേതായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ ആയിരിക്കില്ല പുരാന്‍ കടന്നുപോകുന്നത്, പക്ഷേ ഇത്തരമൊരു കഠിനമായ സാഹചര്യത്തിൽ കളിക്കാരെ നിങ്ങൾ വിശ്വസിച്ചേ മതിയാകൂ. അവർ തിരിച്ചുവരും. ഞങ്ങൾക്ക് തീർച്ചയായും ഒരു ബ്രേക്ക് ആവശ്യമാണ്. ടീമിന് ഒന്ന് റീഫ്രഷ് ആകണം. ബ്രേക്കിന് ശേഷം തീർച്ചയായും ധാരാളം പോസിറ്റീവ് കാര്യങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. ഉത്തരങ്ങൾ നമ്മൾ പുറത്തല്ല, ഉള്ളിൽ തന്നെയാണ് തിരയേണ്ടത്. ഓരോ താരവും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ല. കഠിനമായ സാഹചര്യങ്ങളിലും താരങ്ങളെ വിശ്വസിച്ചേ മതിയാകൂവെന്നും പന്ത് പറഞ്ഞു.

എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിജയങ്ങൾ മാത്രമുള്ള ലഖ്‌നൗ നിലവിൽ പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ബാറ്റിംഗ് ഓർഡറിൽ അടിക്കടി മാറ്റങ്ങൾ വരുത്തിയിട്ടും ടീമിന് സ്ഥിരത കണ്ടെത്താനാകുന്നില്ല. മെയ് 4-ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്നൗവിന്‍റെ അടുത്ത മത്സരം. ഈ ഒരാഴ്ചത്തെ ഇടവേളയിൽ ടീമിലെ പോരായ്മകൾ പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്‍റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക