യുവതിക്ക് സിസേറിയൻ വേണമെന്നാണ് വ്യാജ ഡോക്ടർമാർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയയിലൂടെ പ്രിയങ്ക പെൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും സിസേറിയനിടെ യുവതി മരിക്കുകയായിരുന്നു.
ലക്നൌ: രജിസ്ട്രേഷൻ പോലുമില്ലാത്ത സ്വകാര്യ ആശുപത്രി. ചികിത്സ നടത്തിയിരുന്നത് പ്ലസ് ടു വിദ്യാർത്ഥിയും ബിഎ ബിരുദധാരിയും. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. പിന്നാലെ 19കാരനും 32കാരനും അറസ്റ്റിൽ. ഉത്തർ പ്രദേശിലെ അംബേദ്കർനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ച് വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഫെബ്രുവരി 5നാണ് പ്രിയങ്ക എന്ന യുവതി പ്രസവത്തിനായി എത്തിയത്. യുവതിക്ക് സിസേറിയൻ വേണമെന്നാണ് വ്യാജ ഡോക്ടർമാർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയയിലൂടെ പ്രിയങ്ക പെൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും സിസേറിയനിടെ യുവതി മരിക്കുകയായിരുന്നു.
അനസ്തേഷ്യയ്ക്ക് ശേഷം ബോധം വീണ്ടെടുക്കാതിരുന്ന പ്രിയങ്കയ്ക്ക് സിസേറിയൻ ശസ്ത്രക്രിയയ്ക്ക് ശേഷം രക്തസ്രാവം നിലച്ചിരുന്നില്ല. അവസ്ഥ മോശമായതോടെ യുവതിയെ ലക്നൌവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. യുവതിയുടെ മരണത്തിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധം ആശുപത്രിക്ക് നേരെ നടന്നതോടെയാണ് സംഭവം പൊലീസ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണത്തിലാണ് അഞ്ച് വർഷത്തോളമായി മേഖലയിൽ പ്രവർത്തിച്ചിരുന്ന നവജീവൻ ആശുപത്രി അംഗീകാരമില്ലാത്ത ആശുപത്രിയാണെന്ന് വ്യക്തമാവുന്നത്.
ഹോസ്പിറ്റൽ നടത്തിയിരുന്ന റൂബി ഒളിവിൽ പോയിരിക്കുകയാണ്. അന്വേഷണത്തിലാണ് 32കാരനായ ബിഎ ബിരുദധാരി യോഗേഷ് വർമയും പ്ലസ്ടു വിദ്യാർത്ഥി ശുഭം വിശ്വകർമ എന്ന 19കാരനും പിടിയിലായത്. അച്ഛൻ വാർഡ് ബോയി ആയിരുന്ന പശ്ചാത്തലത്തിലാണ് യോഗേഷ് വർമയ്ക്ക് ആശുപത്രി കാര്യത്തിൽ പരിചയമുള്ളത്. സിസേറിയൻ നടത്താൻ 3000 രൂപ മുതൽ 5000 രൂപ വരെയായിരുന്നു വ്യാജ ഡോക്ടർമാർ ഈടാക്കിയിരുന്നത്. ഇതാണ് സാമ്പത്തിക സ്ഥിതിയിൽ പിന്നിലായിരുന്ന രോഗികളെ ആശുപത്രിയിലേക്ക് ആകർഷിച്ചിരുന്നത്. യോഗേഷും ശുഭവും പരസ്പരം ഡോക്ടര്‍മാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
വര്‍ഷങ്ങളായി യോഗേഷ് ശസ്ത്രക്രിയകള്‍ നടത്തിവന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പരിശോധന നടത്തുകയും പൊലീസ് ഇടപെട്ട് അടച്ച് പൂട്ടുകയുമായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ആശുപത്രിക്ക് ലൈസന്‍സോ, ബയോ–മെഡിക്കല്‍ മാലിന്യം സംസ്കരിക്കുന്നതിനുള്ള അനുമതിയോ, കെട്ടിടത്തിന് അഗ്നിരക്ഷാ സേനയുടെ സുരക്ഷാ അനുമതിയോ കൃത്യമായ യോഗ്യതയുള്ള സ്റ്റാഫുകളോ ഇല്ലെന്ന് കണ്ടെത്തിയത്.


