ഗർഭിണിയായ സ്വാതി ഒരു സുഹൃത്തിനൊപ്പം ഗർഭകാല ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു.
ബെംഗളൂരു: രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെ ആദ്യത്തെ കുട്ടിക്ക് ദാരുണാന്ത്യം. മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണുമരിച്ചു. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് അടുത്തുള്ള മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗിഡ്ഡേനഹള്ളിയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലക്ഷ്മീർ എന്ന കുട്ടിയാണ് മരിച്ചത്. ജെപി നഗർ സ്വദേശികളായ സ്വാതിയുടെയും ചരൺ രാജിന്റെയും മകനാണ് ലക്ഷ്മീർ. സ്വാതി രണ്ടാമത്തെ കുഞ്ഞിനെ എട്ട് മാസം ഗർഭിണിയാണ്. ചരൺ രാജ് ഒരാഴ്ച മുൻപ് ജോലി സംബന്ധമായി വിദേശത്തേക്ക് പോയിരുന്നു. ഗർഭിണിയായ സ്വാതി ഒരു സുഹൃത്തിനൊപ്പം ഗർഭകാല ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു.
ഈ സമയത്ത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുള്ള ലക്ഷ്മീർ അബദ്ധത്തിൽ പൂളിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ചരൺ രാജ് നാളെ വിദേശത്ത് നിന്ന് ബെംഗളൂരുവിൽ തിരിച്ചെത്തും. അതിനുശേഷമാകും പോസ്റ്റ്‌മോർട്ടം നടക്കുകയെന്നാണ് വിവരം. ഇന്നലെ നടന്ന സംഭവത്തിന്റെ ആഘാതത്തിൽ അമ്മ സ്വാതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വയസുകാരനൊപ്പമുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. അമ്മ ഗർഭകാല ഫോട്ടോഷൂട്ടിന്റെ തിരക്കിലായിരുന്നപ്പോൾ കുഞ്ഞ് അടുത്തുള്ള ചെറിയ സ്വിമ്മിംഗ് പൂളിൽ വീഴുകയായിരുന്നു.മാദനായകനഹള്ളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.


