2024 ഓഗസ്റ്റ് മുതൽ 2026 ജനുവരി എട്ട് വരെയുള്ള കാലയളവിലാണ് തിരിമറി നടന്നതെന്നാണ് പരാതി

കൊച്ചി: എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഡിജിറ്റൽ സർവീസ് സ്ഥാപനത്തിലെ ജീവനക്കാർ ചേർന്ന് 41.42 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സീനിയർ അക്കൗണ്ടന്റും ഓഫീസ് സ്റ്റാഫും ചേർന്ന് പണം തട്ടിയെന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയുടെ പരാതിയിൽ ജീവനക്കാരായിരുന്ന അമ്പിളി, ഷാൻ എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2024 ഓഗസ്റ്റ് മുതൽ 2026 ജനുവരി എട്ട് വരെയുള്ള കാലയളവിലാണ് തിരിമറി നടന്നതെന്നാണ് പരാതി. പശ്ചിമ കൊച്ചിയിലെ ഒരു എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതും സി.ഡി.എമ്മിലെ പണം എടുക്കുന്നതിന്റെയും ചുമതല സീനിയർ അക്കൗണ്ടന്റായ അമ്പിളിക്കായിരുന്നു. എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ കെട്ടുകളിൽ നിന്ന് നിശ്ചിത തുക വീതം അമ്പിളിയും ഓഫീസ് സ്റ്റാഫായ ഷാനും ചേർന്ന് കൈവശപ്പെടുത്തി എന്നതാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ ഡിജിറ്റൽ സർവീസ് സ്ഥാപനത്തിൽ ജനുവരിയിൽ നടന്ന പരിശോധനയ്ക്കിടെയാണ് തട്ടിപ്പ് അറിയുന്നത്. സ്ഥാപനത്തിൽ ഓഡിറ്റ് തുടരുകയാണെന്നും തട്ടിപ്പിന്റെ വ്യാപ്തി കൂടാനും സാധ്യതയുണ്ടെന്നുമാണ് പൊലീസ് പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം