നടൻ വിജയ് തമിഴ്നാട്ടിൽ അധികാരത്തിൽ വന്നാൽ കേരളം വിട്ട് അങ്ങോട്ടേക്ക് പോകുമെന്ന് 65-കാരൻ. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി വാക്ക് പാലിക്കുന്ന ഭരണാധികാരിയാകും വിജയ് എന്ന് വിശ്വസിക്കുന്നെന്നും അദ്ദേഹം.
തമിഴ്നാടിന് അകത്തും പുറത്തും ഒരുപോലെ ആരാധവൃന്ദമുള്ള നടനാണ് ദളപതി വിജയ്. ഒരുകാലത്ത് 'ഇന്ത മൂഞ്ചിയെ പാക്ക യാരാവത് വരുവാങ്കല' എന്ന് പുച്ഛിച്ച് തള്ളിയവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച് തമിഴ് സിനിമയുടെ മുഖമായി മാറിയ വിജയ്ക്ക് കേരളത്തിലും വൻ ജനപ്രീതിയാണ്. ഒരുപക്ഷേ വിജയിയോളം മലയാളികൾ ആരാധിക്കുന്ന മറുഭാഷാ താരം വേറെ ഉണ്ടാകില്ല. അത്രക്കുണ്ട് ആരാധകവൃന്ദം. നിലവിൽ സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് വിജയ്. അദ്ദേഹം വിജയിക്കുമെന്നാണ് ഓരോരുത്തരും പറയുന്നത്.
ഇപ്പോഴിതാ വിജയ് അധികാരത്തിൽ വന്നാൽ താൻ കേരളം വിടുമെന്ന് പറയുകയാണ് ഒരു 65 കാരൻ. തനിക്ക് പറ്റുന്ന ജോലി ചെയ്ത് അവിടെ ജീവിക്കുമെന്നും അതിന് സർക്കാനും അവിടുത്തെ ജനങ്ങളും അംഗീകരിക്കുമെന്നും ഇദ്ദേഹം പറയുന്നു. ട്രാവാൻഡ്രം ഗാലറി എന്ന പേജിലാണ് 65കാരന്റെ ബൈറ്റ് വന്നിരിക്കുന്നത്.
"വിജയ് അധികാരത്തിൽ വരികയാണെങ്കിൽ ഞാൻ മിക്കവാറും കേരളം വിടും. എനിക്ക് വീടോ സ്ഥലമോ ഒന്നുമില്ല. ഞാൻ തമിഴ്നാട്ടിലോട്ട് മാറും. അവിടെ പോയി എന്തെങ്കിലും പണി ചെയ്യും. 65 വയസായ എനിക്ക് പറ്റുന്ന ജോലി ചെയ്യും. അവിടെ ജോലി ചെയ്ത് കഴിഞ്ഞാൽ അവിടെയുള്ള ജനങ്ങളും സർക്കാരും അതിനെ അംഗീകരിക്കും. മനുഷ്യത്വം ഉണ്ടാകും. വിജയിയുടെ കാര്യത്തിൽ ഏറെക്കുറെ എല്ലാ കാര്യങ്ങളും ഉറപ്പാണ്. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തിരിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ കഴിയുന്നവർ ഭരണകർത്താവായി മാറും. ഉറപ്പാണ്", എന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. 65കാരന്റെ വാക്കുകൾ ഉൾക്കൊണ്ട് കൊള്ളതാണ് ഭൂരിഭാഗം കമന്റുകളും. "ഞാനും ഇത് ആലോചിക്കുന്നുണ്ട്, എന്റെ.. അതെ ആഗ്രഹം, ഞാനും അങ്ങോട്ട് മാറും ഈ കേരളത്തിൽ നിന്നാൽ വെറുതെ ഉള്ള സമാധാനം കൂടി പോകും",എന്നിങ്ങനെ പോകുന്നു കമന്റുകൾ.



