ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന പദവി ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്വന്തമാക്കി. മുൻപ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നടി കീർത്തി സുരേഷിനെ മറികടന്നു.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. വെള്ളിത്തിരയിൽ എത്തിയ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബിഗ് സ്ക്രീനിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരമായിരുന്നു, ഏതാനും മാസങ്ങൾ വരെയും ഇൻസ്റ്റാഗ്രാമിൽ മുന്നിൽ നിന്നത്. അതായത് ഇന്‍സ്റ്റയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള മലയാളികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തായിരുന്നു കീർത്തി സുരേഷ്. ദുൽഖർ, മലയാളത്തിന്റെ അഭിമാന താരമായ സഞ്ജു സാംസൺ എന്നിവരെയെല്ലാം പിന്തള്ളിയായിരുന്നു കീർത്തിയുടെ ഈ നേട്ടം.
എന്നാൽ ഒരുമാസം കഴിയുമ്പോഴേക്കും ഇൻസ്റ്റാഗ്രാമിൽ കീർത്തി സുരേഷിനെ കടത്തിവെട്ടിയിരിക്കുകയാണ് ഒരു താരം. മറ്റാരുമല്ല സാക്ഷാൽ സഞ്ജു സാംസൺ തന്നെ. മാർച്ച് ആറ് വരെയുള്ള കണക്ക് പ്രകാരം നാലാം സ്ഥാനത്തായിരുന്നു സഞ്ജു ഉണ്ടായിരുന്നത്. ഇന്നത് ഒന്നാം സ്ഥാനത്തേക്ക് എത്തുമ്പോൾ 19.1 മില്യൺ ആളുകളാണ് സഞ്ജുവിനെ ഫോളോ ചെയ്യുന്നത്. ടി 20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ദിനംപ്രതി സഞ്ജുവിന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണം വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം സ്ഥാനത്തേക്ക് എത്തിയ കീർത്തി സുരേഷിന്റെ ഫോളോവേഴ്സിന്റെ എണ്ണം 18.8 മില്യൺ ആണ്. കീർത്തി സുരേഷ് രണ്ടാമതായപ്പോൾ ലിസ്റ്റിൽ മൂന്നാമതുണ്ടായിരുന്ന നടൻ ദുൽഖർ സൽമാൻ നാലാം സ്ഥാനത്തേക്ക് പോയിട്ടുണ്ട്. അനുപമ പരമേശ്വനാണ് നിലവിൽ മൂന്നാം സ്ഥാനത്തുള്ള താരം. ദുൽഖറിന് 15 മില്യൺ ഫോളോവേഴ്സ് ആണെങ്കിൽ അനുപമയ്ക്കത് 16 മില്യൺ ആണ്.
ഇന്‍സ്റ്റയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള മലയാളികൾ
സഞ്ജു സാംസൺ - 19.1 മില്യൺ
കീർത്തി സുരേഷ് - 18.8 മില്യൺ
അനുപമ പരമേശ്വരൻ - 16.6 മില്യൺ
ദുൽഖർ സൽമാൻ - 15.9 മില്യൺ



