വാഴ 2 എന്ന സിനിമയില്‍ വിജയ് ബാബു അവതരിപ്പിച്ച മുജീബ് സാർ എന്ന കഥാപാത്രം മോശം അധ്യാപകരുടെ പ്രതീകമായി ചർച്ചയാവുകയാണ്

മാതാ പിതാ ഗുരു ദൈവം. മാതാവും പിതാവും ഗുരുവുമാണ് കാണപ്പെട്ട ദൈവങ്ങള്‍. അഥവാ അവരെ അങ്ങനെ കാണണം. ഇതില്‍ ഗുരുക്കന്മാര്‍ ചെയ്യുന്നതെല്ലാം, ശിക്ഷാ നടപടികള്‍ അടക്കം നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്, നിങ്ങള്‍ നന്നാവാന്‍ വേണ്ടിയാണ്. അതിനാല്‍ത്തന്നെ അതിന്‍റെ ഉദ്ദേശശുദ്ധിയെ സംശയിക്കുകയോ ചോദ്യം ചെയ്യുകയോ അരുത്. ഇവിടെ തലമുറകളായി വളര്‍ന്ന വിദ്യാര്‍ഥി സമൂഹങ്ങളുടെ മനസില്‍ അബോധത്തിലെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ള ഒരു വാക്യമാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ലോകം മുന്നോട്ട് പോയപ്പോള്‍ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പ്രാകൃതമായ ശിക്ഷാരീതികളും പലപ്പോഴും ശിക്ഷയ്ക്ക് പിന്നിലുള്ള ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെട്ടു. അത്തരം വാര്‍ത്തകള്‍ ശ്രദ്ധ നേടുമ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുന്ന ഒരു സിനിമയിലെ കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.

ഒരാഴ്ച കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച വാഴ 2 ലെ മുജീബ് സാര്‍ ആണ് അധ്യാപകരിലെ ഒരു മോശം മാതൃക ആവുന്നത്. കാലപ്പഴക്കമുള്ള സദാചാര മീറ്ററുകള്‍ വച്ച് തന്‍റെ മുന്നില്‍ ഇരിക്കുന്ന ഏറ്റവും പുതിയ തലമുറയെ അളക്കുന്ന ആളാണ് വിജയ് ബാബു അവതരിപ്പിക്കുന്ന മുജീബ് സാര്‍. അഭിപ്രായം പറയുന്ന വിദ്യാര്‍ഥികളെ തന്‍റെ നേര്‍ എതിരാളികളായി കാണുന്ന, അവരെ ജയിക്കാന്‍ അധ്യാപകന്‍ എന്ന നിലയിലുള്ള തന്‍റെ പ്രിവിലേജ് സമര്‍ഥമായി ഉപയോഗിക്കുന്ന ആളുമാണ് ഇദ്ദേഹം. ചിത്രം വന്‍ വിജയമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ തന്‍റെ വിദ്യാര്‍ഥി ജീവിതത്തില്‍ ഉണ്ടായിരുന്ന മുജീബ് സാറന്മാരെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇത്തരം പോസ്റ്റുകളിലെ കമന്‍റ് ബോക്സുകളില്‍ നിലവിലെ വിദ്യാര്‍ഥികളില്‍ പലരും ചില അധ്യാപകരെ ടാഗ് ചെയ്യുക പോലുമുണ്ടായി.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണം കേരളീയ സമൂഹത്തിന് മുന്‍പാകെ അസുഖകരമായ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ദിവസങ്ങളാണ് ഇത്. നിതിന്‍ ചില അധ്യാപകരില്‍ നിന്ന് കടുത്ത ജാതി അധിക്ഷേപം ഉള്‍പ്പെടെ നേരിട്ടിരുന്നുവെന്നും തുടര്‍ച്ചയായ ഇത്തരം പെരുമാറ്റം നിതിനെ തളര്‍ത്തിയിരുന്നുവെന്നുമാണ് സഹപാഠികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവരെ വിഷയത്തില്‍ അന്വേഷണവിധേയമായി കോളെജ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഒരു പോപ്പുലര്‍ സിനിമയിലെ മോശം അധ്യാപക മാതൃകയില്‍ ജാതി അധിക്ഷേപം പോലെ സെന്‍സിറ്റീവ് ആയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോഴത്തെ വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാവുന്ന കഥാപാത്രമാണ് വാഴ 2 ലെ മുജീബ് സാര്‍. അതും കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജ് പോലെ സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ഥികള്‍ക്കാവും ഈ കഥാപാത്രത്തെ തിരിച്ചറിയാന്‍ കൂടുതല്‍ എളുപ്പം.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News