കൊല്ലം സുധിയെ കുറിച്ച് ഐശ്വര്യ.

മലയാളികള്‍ ഒരുപാടു സ്‍നേഹിച്ച ടെലിവിഷൻ താരമായിരുന്നു കൊല്ലം സുധി. മിമിക്രി കലാകാരനായിരുന്ന സുധിയുടെ മരണം പലരും ഞെട്ടലോടെയാണ് കേട്ടത്. തൃശൂർ കയ്‍പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ ആണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. കൊല്ലം സുധിയുടെ സഹപ്രവർത്തകർക്കും അടുപ്പമുള്ളവർക്കും അക്ഷരാര്‍ഥത്തില്‍ ഇന്നും ആ മരണം ഉള്‍ക്കൊള്ളാനായില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണശേഷം ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് സ്റ്റാർ മാജിക്കിൽ സുധിയോടൊപ്പം പ്രവർ‌ത്തിച്ച നടി ഐശ്വര്യ രാജീവ്.

''ഒരു ഗ്യാപ്പിനു ശേഷമാണ് വീണ്ടും ഷൂട്ടിങ്ങ് തുടങ്ങിയത്. ആ സമയത്ത് നല്ല ബുദ്ധിമുട്ടായിരുന്നു. ആദ്യമൊക്കെ എല്ലാവരും നിന്ന് കരയുകയായിരുന്നു. നമ്മുടെ കൂടെ അത്രയും നാൾ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതാകുകയല്ലേ? അനൂപേട്ടൻ (സംവിധായകൻ അനൂപ് ജോൺ) ബോൾഡ് ആയി നിക്കാനൊക്കെ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.

നമുക്കു പ്രോഗ്രാം ചെയ്തേ പറ്റൂ, എല്ലാവരെയും ചിരിപ്പിക്കണം എന്നൊക്കെ പറഞ്ഞ് അദ്ദേഹം എല്ലാവരെയും മോട്ടിവേറ്റ് ചെയ്യും. പക്ഷേ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഇടക്ക് എല്ലാവരും ഡൗൺ ആകും. കുറേ പ്രാവശ്യം കയ്യിൽ നിന്നും പോയിട്ടുണ്ട്.

ഒരു കൗണ്ടർ പറയാനൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എങ്ങനെയെങ്കിലും ഷൂട്ടിങ്ങ് തീർന്നാൽ മതിയായിരുന്നു എന്ന ചിന്തയായിരുന്നു. ഗെയിമൊക്കെ കളിക്കുമ്പോൾ ഒരു സ്‍പിരിറ്റും ഇല്ലായിരുന്നു. പിന്നെ ഞങ്ങൾ എന്തു ചെയ്‍താലും സ്വീകരിക്കുന്ന ഓഡിയൻസ് ഞങ്ങൾക്കുണ്ടായിരുന്നു. അവർക്കൊക്കെ ആ സമയത്തെ അവസ്ഥ അറിയാമായിരുന്നു. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല'',മൈൽസ്റ്റോൺ മേക്കേഴ്‍സിനു നൽകിയ അഭിമുഖത്തിൽ ഐശ്വര്യ രാജീവ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക