ദൃശ്യം 3 ഹിന്ദി പതിപ്പ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം'. ദൃശ്യമാണ് മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രവും. കൊവിഡ് കാലമായതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ദൃശ്യവും ദൃശ്യം 2വും ഹിന്ദിയിലും റീമേക്ക് ചെയ്‍ത് പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണായിരുന്നു മോഹൻലാലിന്റെ കേന്ദ്ര കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2026 ഒക്ടോബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക. എന്നാല്‍ മലയാളം ദൃശ്യം 3 ഇതുവരെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ഹിന്ദി പതിപ്പിന് മുന്നേ മലയാളം ദൃശ്യം 3 റിലീസ് ചെയ്യുമെന്ന് നേരത്തെ സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

മോഹൻലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്‍ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.

Scroll to load tweet…

അഭിഷേക് പതക്കാണ് ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണിനു പുറമേ അക്ഷയ് ഖന്ന, താബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, രജത് കപൂര്‍, ശ്രേയസ്, രാജീവ് ഗുപ്‍ത, മൃണാള്‍ ജാധവ് എന്നിവരും വേഷമിടുന്നു. ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നതും അഭിഷേക് പതക് ആണ്. സുധീര്‍ കെ ചൗധരിയാണ് ഛായാഗ്രാഹണം.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്‍റെ ആഗോള തിയറ്റര്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇക്കാര്യം പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു പനോരമ സ്റ്റുഡിയോസും അവരുടെ പങ്കാളികമായ പെന്‍ മൂവീസും. ഇതിനോടനുബന്ധിച്ച് അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂര്‍ അടക്കമുള്ളവരുടെ വാക്കുകള്‍ ഉണ്ട്. തന്‍റെ ചിന്തകളിലും പ്രേക്ഷകരുടെ വികാരങ്ങളിലും വര്‍ഷങ്ങളായി തുടരുന്ന ആളാണ് ജോര്‍ജുകുട്ടിയെന്ന് മോഹന്‍ലാല്‍ പറയുന്നു. പഴയൊരു സുഹൃത്തിനെ പുതിയ രഹസ്യങ്ങളുമായി വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് അയാളിലേക്ക് വീണ്ടും പോകുന്നത്. അദ്ദേഹത്തിന്‍റെ യാത്ര എവിടേക്കാണ് മുന്നേറുന്നതെന്നത് പ്രേക്ഷകര്‍ കാണാനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് ഞാന്‍, മോഹന്‍ലാല്‍ പറയുന്നു.

ആഗോള തലത്തിലെ തങ്ങളുടെ വിതരണ ശൃംഖലകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ എക്കാലത്തെയും വലിയ ആഗോള റിലീസുകളില്‍ ഒന്നാക്കി ദൃശ്യം 3 നെ മാറ്റാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പെന്‍ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പതക് പറയുന്നു. എന്നെ സംബന്ധിച്ച് ദൃശ്യം എന്നത് ഒരു സിനിമ എന്നതിനേക്കാള്‍ വലുതാണ്. ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് തന്നെ പരിണാമപരമായ ഒരു യാത്രയായിരുന്നു അത്. മലയാളം ഒറിജിനലിന്‍റെ ആ​ഗോള അവകാശം വാങ്ങുക എന്നത് ഞങ്ങളെ സംബന്ധിച്ച് അഭിമാനകരവും വൈകാരികവുമായ ഒറു മുഹൂര്‍ത്തമാണ്, കുമാര്‍ പതക് പറഞ്ഞിരുന്നു.

മികച്ച ഇന്ത്യന്‍ കഥകള്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്ന തങ്ങളുടെ ലക്ഷ്യം തുടരുകയാണ് ദൃശ്യം 3 ലൂടെയുമെന്നാണ് പെന്‍ സ്റ്റുഡിയോസ് ഡയറക്ടര്‍ ഡോ. ജയന്തിലാല്‍ ​ഗഡ പറഞ്ഞിരുന്നു. ദൃശ്യം അര്‍ഹിക്കുന്നതെന്ന് തങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്ന ഒരു വലിയ സ്കെയിലില്‍ മലയാളം ദൃശ്യം 3 ഇപ്പോള്‍ എത്താന്‍ ഒരുങ്ങുകയാണെന്നാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം. ജീത്തു ജോസഫിന്‍റെ പ്രതികരണം ഇങ്ങനെ- ദൃശ്യം പോലെയുള്ള കഥകള്‍ അവസാനിക്കുകയല്ല. മറിച്ച് വളരുകയാണ് ചെയ്യുന്നത്. ഈ കഥ ഒരു ആ​ഗോള വേദി അര്‍ഹിക്കുന്നതാണെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോള്‍ ഈ പുതിയ കൂട്ടുകെട്ടിലൂടെ അത് സംഭവിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ അടുത്ത നീക്കം എന്താണെന്ന് അറിയാന്‍ ലോകം തന്നെ കാത്തിരിക്കുന്നതുപോലെ ഇപ്പോള്‍ തോന്നുന്നു, ജീത്തു ജോസഫ് പറഞ്ഞിരുന്നു.