2025 ക്രിസ്മസിന് മോഹൻലാലിൻ്റെ 'വൃഷഭ', നിവിൻ പോളിയുടെ 'സർവ്വം മായ', ഉണ്ണി മുകുന്ദൻ്റെ 'മിണ്ടിയും പറഞ്ഞും', ഷെയ്ൻ നിഗത്തിൻ്റെ 'ഹാൽ' എന്നിവയുൾപ്പെടെ നിരവധി സിനിമകൾ തിയേറ്ററുകളിലെത്തും.
2025ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി ഒരുപിടി മികച്ച സിനിമകൾ തിയറ്ററുകളിലേക്ക് എത്തുകയാണ്. മോഹൻലാൽ, നിവിൻ പോളി, ഷെയ്ൻ നിഗം, ഉണ്ണി മുകുന്ദൻ, അനശ്വര രാജൻ തുടങ്ങി ഒരുപിടി അഭിനേതാക്കളുടെ സിനിമയാണ് ഡിസംബർ 25ന് തിയറ്ററുകളിൽ എത്തുക. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷാ സിനിമകളും ക്രിസ്മസ് ദിനം തിയറ്ററിൽ എത്തും. അവയിൽ ഏതാനും ചില സിനിമകൾ ചുവടെ.
മോഹൻലാലിന്റെ ‘വൃഷഭ’
ക്രിസ്മസ് റിലീസുകളിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പുണർത്തുന്ന സിനിമയാണ് വൃഷഭ. മോഹൻലാലിന്റെ ഈ പാൻ ഇന്ത്യൻ ചിത്രം കന്നഡ സംവിധായകൻ നന്ദകിഷോർ ആണ് ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും. അച്ഛൻ-മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷനും വൈകാരികതയും കോർത്തിണക്കിയ കഥയാണ് വൃഷഭ പറയുന്നത്. ചിത്രത്തിൽ രണ്ട് ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആശീർവാദ് സിനിമാസ് ആണ് വൃഷഭ കേരളത്തിൽ എത്തുക്കുന്നത്.

നിവിൻ പോളിയുടെ ‘സർവ്വം മായ’
മലയാളം റിലീസുകളിൽ ഏറ്റവും ശ്രദ്ധനേടിയ ചിത്രമാണ് സർവ്വം മായ. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിൽ അജു വർഗീസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന പത്താമത്തെ സിനിമ കൂടിയാണിത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ഹൊറർ കോമഡി ചിത്രമാണ്. നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ താരമായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നരേന്റെ ‘ആഘോഷം’
അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ആഘോഷവും ക്രിസ്മസ് ദിനം തിയറ്ററുകളിൽ എത്തും. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി എന്റർടൈനർ ആണ് ചിത്രം. 'ലൈഫ് ഈസ് ഓൾ എബൗട്ട് സെലിബ്രേഷൻസ് ' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം തിയറ്റിലെത്തുന്നത്. നരേൻ, വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസ്സി കെ ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഉണ്ണി മുകുന്ദന്റെ 'മിണ്ടിയും പറഞ്ഞും'
ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. ലൂക്ക, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ സിനിമകൾക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണിത്. സനല്‍- ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’
സെൻസർ പോരാട്ടങ്ങൾക്കെല്ലാം ഒടുവിൽ ഷെയ്ൻ നിഗം ചിത്രം ഹാലും ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. വീരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ചിത്രം തിയറ്ററുകളിൽ എത്തും.

അനശ്വര രാജന്റെ തെലുങ്ക് പടം 'ചാമ്പ്യൻ'
അനശ്വര രാജൻ നായികയായി എത്തുന്ന തെലുങ്ക് ചിത്രമാണ് ചാമ്പ്യൻ. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. റോഷൻ ആണ് നായകൻ. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്.

കിച്ച സുദീപ് നായകനായി എത്തുന്ന 'മാർക്ക്' എന്ന കന്നഡ ത്രില്ലർ ചിത്രവും തിയറ്ററിൽ എത്തും. കാർത്തിക് ആര്യനും അനന്യ പാണ്ഡെയും ഒന്നിക്കുന്ന 'തു മേരി മേൻ തേരാ മേൻ തേരാ തു മേരി', ആണ് ഹിന്ദി റിലീസ്. വിക്രം പ്രഭുവിന്റെ സിറൈ ആണ് തമിഴ് റിലീസ്.



