ഹിന്ദി ദൃശ്യം 3 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകരെ നിരാശരാക്കുന്ന വാർത്ത
ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ഇത്രയും ജനപ്രീതി നേടിയ മറ്റൊരു സിനിമാ ഫ്രാഞ്ചൈസി ദൃശ്യം പോലെ ഇല്ല. വിദേശ ഭാഷകളിലേക്കുള്‍പ്പെടെ റീമേക്ക് ചെയ്യപ്പെട്ട ദൃശ്യത്തിന്‍റെ ഇന്ത്യന്‍ പതിപ്പുകളില്‍ സ്വാഭാവികമായും കളക്ഷന്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് ഹിന്ദി പതിപ്പിന് ആയിരുന്നു. കൊവിഡ് കാലത്തെത്തിയ ദൃശ്യം 2 ന്‍റെ മലയാളം ഒറിജിനല്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നെങ്കില്‍ അതിന്‍റെ ഹിന്ദി റീമേക്കും തിയറ്ററുകളിലെത്തി വലിയ വിജയം നേടി. ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും വലിയ കാത്തിരിപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദി ദൃശ്യം 3 ന്‍റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. 2026 ഒക്ടോബര്‍ 2 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. എന്നാല്‍ ഇപ്പോഴിതാ ഹിന്ദി പതിപ്പിന്‍റെ ആരാധകരെ നിരാശരാക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.
ഹിന്ദി ദൃശ്യം 2 ല്‍ പ്രകടനം കൊണ്ട് വലിയ കൈയടി നേടിയ ഒരു പ്രധാന താരം മൂന്നാം ഭാഗത്തില്‍ നിന്ന് പിന്മാറി എന്നതാണ് അത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച അജയ് ദേവ്ഗണ്‍ കഴിഞ്ഞാല്‍ രണ്ടാം ഭാഗത്തില്‍ ഏറ്റവും പ്രാധാന്യമുണ്ടായിരുന്ന, ഐജി തരുണ്‍ അഹ്‍ലാവതിനെ അവതരിപ്പിച്ച അക്ഷയ് ഖന്നയാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നതെന്ന് ബോളിവുഡ് മെഷീന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്മാറ്റത്തിന്‍റെ ആദ്യ കാരണമായി പറയുന്നത് അക്ഷയ് ഖന്ന അടുത്തിടെ പ്രതിഫലത്തില്‍ വരുത്തിയിരിക്കുന്ന വര്‍ധനയാണ്.
ഹിന്ദിയില്‍ ഈ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ രണ്ട് ചിത്രങ്ങളില്‍ അക്ഷയ് ഖന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഛാവ, ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ധുരന്ദര്‍ എന്നീ ചിത്രങ്ങളാണ് അത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 900 കോടി നേടിയ ധുരന്ദര്‍ ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ്. അക്ഷയ് ഖന്നയുടെ വര്‍ധിച്ച പ്രതിഫലം അംഗീകരിക്കാന്‍ ദൃശ്യം 3 നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല എന്നാണ് വിവരം. എന്നാല്‍ സാമ്പത്തികം മാത്രമല്ല അക്ഷയ് ഖന്നയുടെ പിന്മാറ്റത്തിന് കാരണമെന്നും തിരക്കഥയില്‍ അദ്ദേഹത്തിനുള്ള അഭിപ്രായവ്യത്യാസങ്ങളും ഇതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഛാവയുടെയും ധുരന്ദറിന്‍റെയും അടുത്തടുത്ത വിജയങ്ങള്‍ക്ക് ശേഷം അക്ഷയ് ഖന്നയുടെയും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന്‍റെ സാന്നിധ്യം ദൃശ്യം 3 ന്‍റെ വാണിജ്യ സാധ്യതകള്‍ക്കും മുതല്‍ക്കൂട്ടാവേണ്ടതാണ്. ഇക്കാരണം കൊണ്ടുതന്നെ നടനുമായുള്ള ചര്‍ച്ചയുടെ വഴികള്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണമായും അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും അക്ഷയ് ഖന്ന ചിത്രത്തില്‍ ഉണ്ടായിരിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.



