തുടര്‍ച്ചയായി ഗ്യാങ്സ്റ്റര്‍ സിനിമകള്‍ ചെയ്യുന്നതിലുള്ള വിമുഖതയാണ് പിന്മാറ്റത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്
സിനിമകളുടെ ജയപരാജയങ്ങള്‍ താരങ്ങളുടെ മുന്നോട്ടുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനെ നേരിട്ട് സ്വാധീനിക്കാറുണ്ട്. ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും നേടുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ലഭിക്കാനാണ് ഏത് അഭിനേതാവും ശ്രമിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന ഒരു ശ്രദ്ധേയ ചിത്രത്തില്‍ നിന്ന് നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന നായകന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, രണ്‍വീര്‍ സിംഗ് ആണ് അത്. ഫര്ഹാന് അഖ്തര്‍ സംവിധാനം ചെയ്യുന്ന ഡോണ്‍ 3 ല്‍ ലെ നായകസ്ഥാനത്തുനിന്ന് അദ്ദേഹം പിന്മാറിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
കരിയറിലെ ഏറ്റവും വലിയ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് നിലവില്‍ രണ്‍വീര്‍. ആദിത്യ ധറിന്റെ സംവിധാനത്തില്‍ രണ്‍വീര്‍ നായകനായ ധുരന്ദര്‍ ഇന്ത്യന്‍ സിനിമയിലെതന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ്. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് എത്തിനില്‍ക്കുന്നത് 897.5 കോടിയിലാണ് (ഇന്നലെ വരെയുള്ള കണക്ക്). ഈ വന്‍ വിജയമാണ് ഡോണ്‍ 3 ല്‍ നിന്ന് പിന്മാറാന് രണ്‍വീറിനെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. തുടര്‍ച്ചയായി ഗ്യാങ്സ്റ്റര്‍ സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് താല്പര്യമില്ലെന്നും ആ ഗണത്തില്‍ ഇപ്പോള്‍ ധുരന്ദര്‍ ഉണ്ടല്ലോ എന്നുമാണ് അദ്ദേഹം കരുതുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
സഞ്ജയ് ലീല ബന്‍സാലി, ലോകേഷ് കനകരാജ്, ആറ്റ്ലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് രണ്‍വീറിന് ആഗ്രഹമുണ്ട്. പ്രളയ് എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുമാനിച്ചിരുന്നതില്‍ നിന്നും നേരത്ത ആക്കണമെന്നും അദ്ദേഹം നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപ്ലോസ് എന്റര്ടെയ്ന്മെന്റ് നിര്‍മ്മിക്കുന്ന പ്രളയ് സോംബി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. അപായകരമായ സാഹചര്യങ്ങളില്‍ നിന്ന് തന്റെ കുടുംബത്ത രക്ഷിക്കാനുള്ള ഒരാളുടെ നിരന്തര ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്. ഡോണ്‍ 3 ല്‍ നിന്ന് പിന്മാറിയ രണ്‍വീര്‍ പ്രളയ് വേഗം നടക്കാനായി തന്റെ ഡേറ്റുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിലും മറ്റും വ്യക്തിപരമായി ഇടപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2006 ല്‍ റിലീസ് ചെയ്യപ്പെട്ട ഡോണ്‍, 2011 ല്‍ എത്തിയ ഡോണ്‍ 2 എന്നീ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന് ആയിരുന്നു നായകന്. എന്നാല്‍ ഡോണ്‍ 3 ല്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. അതിന് ശേഷമാണ് സംവിധായകന് ഫര്ഹാന് അഖ്തര്‍ രണ്‍വീറിനെ നായകനായി കൊണ്ടുവന്നത്.



