ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം
കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത താരങ്ങളിലൊരാളാണ് പാര്‍വതി തിരുവോത്ത്. ആ അഭിപ്രായ പ്രകടനങ്ങള്‍ വ്യക്തിപരമായ നഷ്ടങ്ങളും അവര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഡബ്ല്യുസിസിയുടെ സജീവ പ്രവര്‍ത്തക ആയതിന് ശേഷം മലയാള സിനിമയില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞവരുടെ കൂട്ടത്തില്‍ പെട്ട ആള്‍ കൂടിയാണ് പാര്‍വതി. സിനിമാജീവിതത്തില്‍ പാര്‍വതി ഉയര്‍ത്തിയ പ്രധാന വിമര്‍ശനങ്ങളിലൊന്നായിരുന്നു മുഖ്യധാരാ സിനിമയില്‍ സ്ക്രീവിരുദ്ധത നോര്‍മലൈസ് ചെയ്യുന്നത്. മമ്മൂട്ടി ചിത്രം കസബയാണ് ഒരു ചലച്ചിത്രോത്സവ വേദിയില്‍ ഇക്കാര്യം പറയാന്‍ പാര്‍വതി ഉദാഹരിച്ചത്. എന്നാല്‍ എപ്പോഴെങ്കിലും അന്നത്തെ വിമര്‍ശനം ഉന്നയിക്കേണ്ടിയിരുന്നില്ല എന്ന് പാര്‍വതിക്ക് തോന്നിയിട്ടുണ്ടാവുമോ? ഇപ്പോഴിതാ അതിന് അവര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി
ഒരു ചലച്ചിത്രോത്സവ വേദിയിലെ ചര്‍ച്ചയിലാണ് പാര്‍വതി അന്ന് പ്രസ്തുത വിമര്‍ശനം ഉന്നയിച്ചത്. സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സമീപകാലത്ത് ഇറങ്ങിയ ഒരു ചിത്രത്തെ മുന്‍നിര്‍ത്തിയാണ് അന്ന് ആദ്യം പാര്‍വതി സംസാരിച്ചത്. എന്നാല്‍ സിനിമയുടെ പേര് പറഞ്ഞിരുന്നില്ല. തൊട്ടടുത്ത് ഇരുന്നിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ആണ് സിനിമയുടെ പേര് പറയാന്‍ പാര്‍വതിയെ ഉത്സാഹപ്പെടുത്തിയത്. ഇന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഈ ചോദ്യവും പാര്‍വതിയെ തേടി എത്തിയത്. അന്ന് ആ വിമര്‍ശനം ഉയര്‍ത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് ഇല്ല എന്നാണ് പാര്‍വതിയുടെ മറുപടി.
2024 ല്‍ പുറത്തെത്തിയ ഉള്ളൊഴുക്ക് ആണ് പാര്‍വതി തിരുവോത്തിന്‍റേതായി മലയാളത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷം അവരുടേതായി ഒരു ഭാഷയിലും ചിത്രങ്ങള്‍ എത്തിയിരുന്നില്ല. അതേസമയം കരിയറില്‍ ഒരു വലിയ അവസരവും അവരെ ഇപ്പോള്‍ തേടിയെത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന സിരീസില്‍ പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷന്‍സിന്‍റെ ഉപവിഭാഗമായ എച്ച്ആര്‍എക്സ് ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഒടിടി പ്ലാറ്റ്‍ഫോമില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ ഹൃത്വിക് റോഷന്‍റെ അരങ്ങേറ്റവുമാണ് ഈ ചിത്രം. സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന സിരീസ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മുംബൈയാണ് കഥ നടക്കുന്ന പശ്ചാത്തലം.



