കളക്ഷൻ 380 കോടിക്ക് മുകളിലാണ്.

തിയറ്ററിലും ഒടിടിയിലും രണ്ട് തരം പ്രേക്ഷകരാണ് എന്ന് സാധാരണ പറയാറുണ്ട്. തിയറ്ററില്‍ ക്ലിക്കായ സിനിമ ഒടിടിയില്‍ വിജയം ആകണമെന്നില്ല. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ സിനിമ ഒടിടിയില്‍ വൻ പിന്തുണ നേടാറുണ്ട്. എന്നാല്‍ ചില സിനിമകള്‍ തിയറ്ററിലും ഒടിടിയിലും ഒരുപോലെ വൻ ഹിറ്റായി മാറാറുണ്ട്. അതുപോലൊരു സിനിമയാണ് ചിരഞ്‍ജീവിയും നയൻതാരയും നായകനും നായികയുമായ 'മന ശങ്കര വര പ്രസാദ് ഗാരു'. റിലീസ് ചെയ്‍ത് 28 ദിവസം കൊണ്ട് ചിത്രം നേടിയത് 380 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സ്. സീ5ലൂടെ ഒടിടിയിലും എത്തിയെങ്കിലും തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്നുണ്ട്. ഒടിടിയില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡും ചിത്രം നേടിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്. അനിൽ രവിപുടി ഒരുക്കിയ 'മന ശങ്കര വര പ്രസാദ് ഗാരു' വെറും രണ്ട് ദിവസത്തിനുള്ളില്‍ 200 മില്യണ്‍ സ്‍ട്രീമിംഗ് മിനുട്‍സ് സ്വന്തമാക്കിയിരിക്കുകയാണ്.

ബുക്ക് മൈ ഷോയിലും ചിത്രം റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്ക് മൈ ഷോ വഴി വിറ്റു പോയ പ്രാദേശിക ഭാഷ ചിത്രത്തിന്റെ റെക്കോർഡ് ആണ് ഈ ചിത്രം സ്വന്തമാക്കിയത്. 3.6 മില്യൺ ടിക്കറ്റുകൾ ചിത്രത്തിൻ്റേതായി ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞപ്പോഴേ 'മന ശങ്കര വര പ്രസാദ് ഗാരു' റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രം കൂടിയായും ഇത് മാറി. "സംക്രാന്തികി വസ്‍തുനം" എന്ന ചിത്രത്തിന്റെ 3.5 മില്യൺ എന്ന റെക്കോർഡ് ആണ് ഈ ചിരഞ്ജീവി ചിത്രം 15 ദിവസം കൊണ്ട് മറികടന്നത്.

ചിരഞ്ജീവിയുടെയും സംവിധായകൻ അനിൽ രവിപുടിയുടെയും കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഗ്രോസർ ആയി മാറിയ ചിത്രം, നോർത്ത് അമേരിക്കയിൽ 3.5 മില്യൺ ഡോളർ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്. നോർത്ത് അമേരിക്കയിൽ ഇവരുടെ കരിയറിലെ ഏറ്റവും വലിയ പ്രീമിയർ ഗ്രോസ് റെക്കോർഡ് നേടിയ ചിത്രം, തെലുങ്ക് സംസ്ഥാനങ്ങളിൽ, റിലീസായി 5, 7, 14 എന്നീ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രവും കൂടിയായി മാറിയിരുന്നു.

വെറും 6 ദിവസം കൊണ്ട് ബ്രേക്ക് ഈവൻ ആയി മാറിയ ചിത്രം, ഇതിനോടകം എല്ലാ വിതരണക്കാർക്കും വമ്പൻ ലാഭം ആണ് സമ്മാനിച്ചത്. അനിൽ രവിപുടിയുടെ കരിയറിലെ തുടർച്ചയായ 9 ആം ബ്ലോക്ക്ബസ്റ്റർ എന്ന നേട്ടവും ചിത്രം സ്വന്തമാക്കി. സംക്രാന്തികി വസ്‍തുന്നത്തിന് ശേഷം ഈ ചിത്രവും പ്രാദേശിക ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ആയതോടെ തുടർച്ചയായി 2 ചിത്രങ്ങൾ ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ആക്കുന്ന സംവിധായകൻ എന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി.

പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിൽ നയൻ‌താരയ്‍ക്ക് പുറമേ തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ്, കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരും വേഷമിട്ടിട്ടുണ്ട്.

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്‍ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്‍ണ, വിഎഫ്എക്സ് സൂപ്പർവൈസർ-- ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക