അടുത്തിടെ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമകളെക്കുറിച്ച് നിവിന്‍ പോളി
കേരളത്തില്‍ വലിയ ആരാധകവൃന്ദമുള്ള യുവനായകന്മാരില് ഒരാളാണ് നിവിന്‍ പോളി. ഒട്ടനവധി ബോക്സ് ഓഫീസ് ഹിറ്റുകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. വൈവിധ്യം പുലര്‍ത്തിയ തിരക്കഥകളാണ് അടുത്തിടെ അദ്ദേഹം തെരഞ്ഞെടുത്ത പല തിരക്കഥകളെങ്കിലും അവ വലിയ വിജയങ്ങളായില്ല. ഇപ്പോഴിതാ അടുത്തിടെ കണ്ടതില്‍ തനിക്ക് ഗംഭീരമെന്ന് തോന്നിയ മലയാള സിനിമകള്‍ ഏതൊക്കെയെന്ന് പറയുകയാണ് നിവിന്‍ പോളി. നായകനാവുന്ന പുതിയ ചിത്രം സര്‍വ്വം മായയുടെ പ്രൊമോഷനുമായി ബന്ധപ്പട്ട് പേളി മാണിക്ക് നല്കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യം പറയുന്നത്. നിവിനൊപ്പം ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വര്‍ഗീസും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
സമീപകാലത്ത് കണ്ടതില്‍ ഗംഭീരമെന്ന് തോന്നിയ സിനിമ ഏതെന്നായിരുന്നു പേളിയുടെ ചോദ്യം. അടുത്തിടെ കണ്ടതില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ ലോക ആണെന്നായിരുന്നു നിവിന്റെ ആദ്യ പ്രതികരണം. സിനിമ കാണുന്നത് വളരെ കുറവാണ് എന്ന മുഖവുരയോടെയായിരുന്നു ആ പ്രതികരണം. സമാന ചോദ്യത്തിന് എക്കോ എന്നായിരുന്നു അജു വര്‍ഗീസിന്റെ പ്രതികരണം. പിന്നീട് മോഹന്‍ലാല്‍ ചിത്രം തുടരുമിന്റെ കാര്യവും അജു പറഞ്ഞു. അത് മികച്ച അനുഭവമായിരുന്നെന്ന് നിവിന്‍ പോളിയും പറഞ്ഞു. “തുടരും നല്ലതായിരുന്നു. പൊളി ആയിരുന്നു. ലാല്‍ സാറിനെ അങ്ങനെ കണ്ടുകഴിഞ്ഞപ്പോള്‍ നമുക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. വൈകാരികമായും ആ കഥാപാത്രമായി നമ്മള് വളരെ കണക്റ്റ് ആയിരുന്നു. വെല്‍ മേഡ് ആയിരുന്നു. വില്ലന്‍ നല്ലതായിരുന്നു”, നിവിന്‍ പോളി പറഞ്ഞു. ചിത്രത്തില്‍ പൊലീസ് സ്റ്റേഷന് ഫൈറ്റ് സമയത്തെ മോഹന്‍ലാലിന്റെ ഏറെ കൈയടി നേടിയ ജമ്പ് തനിക്ക് ഏറെ ഇഷ്ടമായെന്ന് അജു കൂട്ടിച്ചേര്‍ത്തു. ഒടിടിയില്‍ എത്തിയതിന് ശേഷം പലതവണ ആ രംഗം കണ്ടിട്ടുണ്ടെന്നും.
അതേസമയം ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന സര്‍വ്വം മായയുടെ സംവിധാനം അഖില്‍ സത്യന് ആണ്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധായകന്. ഛായാഗ്രഹണം ശരൺ വേലായുധന്. അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. ക്രിസ്മസ് റിലീസ് ആണ് ഈ ചിത്രം.



