ഫോറൻസിക് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു.
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയേയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. കേസിൽ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഈ മാസം അവസാനം നോർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പൊലീസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്.
ഫോറൻസിക് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന് ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറയുന്നത്. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. നടന് ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വിശദീകരണം.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് മുമ്പ് എക്സൈസ് വ്യക്തമാക്കിയിരുന്നു. ഈ കേസിൽ പിടിക്കപ്പെട്ട തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനെ വിളിച്ചുവരുത്തിയിരുന്നു. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ അന്ന് മൊഴി നൽകിയത്. ലഹരി വിമുക്തിക്കായി ഷൂട്ടിങ് വരെ മാറ്റിവെച്ച് ഡി അഡിക്ഷൻ സെന്ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകി. നേരത്തെയും തസ്ലീമയുമായി ബന്ധമില്ലെന്ന് പൊലീസിന് ഷൈൻ മൊഴി നൽകിയിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിന് ലഹരി ചികിത്സ നൽകിയത്.



