ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയായിരുന്നു കഴിഞ്ഞ ദിവസം ധ്യാന് ശ്രീനിവാസനിലൂടെ കണ്ടതെന്ന് നടന്. അച്ഛന്റെ ഛേതനയറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ ധ്യാൻ ശ്രീനിവാസന്റെ മുഖം മലയാളികളുടെ മനസിൽ നൊമ്പരമായി കിടക്കുകയാണ്.
ഓർമകളെല്ലാം ബാക്കിയാക്കി മലയാളത്തിന്റെ ശ്രീനി വിടപറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ മനസുലഞ്ഞ് നിരവധി പേരാണ് പോസ്റ്റുകൾ പങ്കിടുന്നത്. അച്ഛന്റെ ഛേതനയറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ ധ്യാൻ ശ്രീനിവാസന്റെ മുഖം മലയാളികളുടെ മനസിൽ നൊമ്പരമായി കിടക്കുകയാണ്. ഇപ്പോഴിതാ ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയായിരുന്നു ഇന്നലെ ധ്യാനിലൂടെ കണ്ടതെന്ന് പറയുകയാണ് നടനും എഞ്ചിനിയറുമായ നിതിൻ സൈനു.
നിതിൻ സൈനുവിന്റെ വാക്കുകൾ ചുവടെ
മകൻ തന്നോളം വളർന്നാൽ അവനും അച്ഛനെപോലെ ആത്മാഭിമാനം ഉള്ളവനാകും, ആകണം!! അതൊരു ജന്മം നൽകിയ അച്ഛന്റെ കഴിവും കൂടെയാണ്. ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ തന്റെ മകനും സമയം കണ്ടെത്തി പകുത്തു നൽകിയ ഒരച്ഛന്റെ വിജയം. പൗരുഷത്തിന്റെ നട്ടെല്ലുറപ്പുള്ള സവിശേഷത്തയാണത്. ഈ ഞാനും അങ്ങനെയുള്ളൊരു മകൻ തന്നെയാണ്..
കൂടെയുള്ളപ്പോൾ ഒന്ന് ചേർത്ത് പിടിക്കാനോ, ഉമ്മ വെക്കാനോ ധൈര്യമില്ലാതെപോകുന്ന ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയായിരുന്നു ഇന്നലെ ധ്യാനിലൂടെ അവിടെ കാണാൻ കഴിഞ്ഞത്.
അച്ഛന്റെ കൈപിടിച്ച് നടന്ന, അച്ഛന്റെ നെഞ്ചിൽ മാത്രം ഉറങ്ങിയിരുന്ന ബാല്യത്തിൽ നിന്ന്, അച്ഛന്റെ മുഖത്ത് നോക്കാൻ പോലും മടിക്കുന്ന യൗവനത്തിലേക്കുള്ള ദൂരം വലുതാണ്. ആ ദൂരത്തിനിടയിൽ എപ്പോഴോ നഷ്ടപ്പെട്ടുപോയതാണ് ആ സ്നേഹപ്രകടനങ്ങൾ.
പലരും ചോദിക്കാറുണ്ട്, "ജീവിച്ചിരുന്നപ്പോൾ പ്രകടിപ്പിക്കാത്ത സ്നേഹം മരിച്ചിട്ട് കരഞ്ഞു തീർത്തിട്ടെന്തിനാണ്?" എന്ന്. അത് സ്നേഹമില്ലാഞ്ഞിട്ടല്ല, പ്രകടിപ്പിക്കാൻ കഴിയാതെ പോകുന്നതാണ്. പലപ്പോഴും സ്വന്തം പരാജയങ്ങളാകും മക്കളെ ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.
അച്ഛന്റെ പ്രതീക്ഷയ്ക്കൊത്ത് താൻ ഉയർന്നില്ലെന്ന കുറ്റബോധം. കുടുംബത്തിലെ മറ്റു മക്കൾ, അല്ലെങ്കിൽ ചേട്ടന്മാർ വിജയങ്ങൾ കൊണ്ട് അച്ഛന് അഭിമാനമാകുമ്പോൾ, താൻ മാത്രം അച്ഛനൊരു ബാധ്യതയാണോ എന്ന ചിന്ത.
"ഞാൻ ഒന്ന് വിജയിക്കട്ടെ, ജീവിതത്തിൽ എന്തെങ്കിലും ഒന്ന് ആയിത്തീരട്ടെ, എന്നിട്ട് അച്ഛന്റെ മുന്നിൽ തലയുയർത്തിപ്പിടിച്ച് ചെല്ലാം, ആ നെഞ്ചിൽ ധൈര്യത്തോടെ ഒന്ന് കെട്ടിപ്പിടിക്കാം" എന്ന് ഓരോ മകനും സ്വപ്നം കാണും.
ഒരിക്കൽ ഒരു പരിപാടിക്കിടെ ധ്യാൻ അച്ഛനെ കുറിച്ച് പറഞ്ഞ ഒരു വാചകമുണ്ട്. “ഞാൻ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ അച്ഛനാണ്, അയാൾ കഴിഞ്ഞേ എനിക്കെന്തുമുള്ളൂ..." പക്ഷേ, അത് അച്ഛന്റെ മുഖത്തു നോക്കി പറയാനോ, ആ സ്നേഹം ഒരു മുത്തമായി നൽകാനോ അവന് സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. പല ആൺകുട്ടികൾക്കും അത് സാധിക്കാറില്ല.
നാളെയാകാം, അടുത്ത മാസം ആകാം, അടുത്ത വർഷം ആകാം എന്ന് കരുതി അവൻ ആ സ്നേഹപ്രകടനം മാറ്റിവെച്ചുകൊണ്ടേയിരിക്കും. പക്ഷേ, കാലം ഒന്നിനും കാത്തുനിൽക്കില്ലല്ലോ. ഒടുവിൽ പെട്ടെന്ന് ഒരു ദിവസം, ഒരു യാത്ര ചൊല്ലൽ പോലുമില്ലാതെ അച്ഛനങ്ങു പോകും. ആഗ്രഹിച്ച വിജയം കൈവരിച്ചാലും, അത് കാണാൻ അച്ഛൻ ഉണ്ടാവില്ല.
ജീവിച്ചിരുന്നപ്പോൾ മനസ്സ് കൊണ്ട് ഉണ്ടായ അകലം, മരിച്ചപ്പോൾ ഒരു ചില്ലുകൂടിന്റെ രൂപത്തിൽ അവർക്കിടയിൽ ശാശ്വതമായിരിക്കുന്നു. ആ തിരിച്ചറിവിന്റെ നോവാണ് ധ്യാനിന്റെ, ഒപ്പം അവനെപ്പോലെയുള്ള ആയിരക്കണക്കിന് ആൺമക്കളുടെയും കണ്ണീർ.



