ദുൽഖർ സൽമാൻ തൻ്റെ പതിനാലാം വിവാഹ വാർഷികത്തിൽ ഭാര്യ അമാൽ സൂഫിയയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. ഭാര്യ തൻ്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. 2011ൽ വിവാഹിതരായ ഇവർക്ക് മറിയം എന്നൊരു മകളുണ്ട്.
മലയാളത്തിന്റെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യയിലെ മുൻനിര നായകനായി മാറാൻ ദുൽഖറിനായി. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന താരത്തിന്റെ വളർച്ചയിൽ എന്നും തുണയായി നിൽക്കുന്നത് ഭാര്യ അമാല്‍ സൂഫിയ ആണ്. ഇന്നിതാ തന്റെ ഭാര്യ അഭിമാനമാണെന്ന് പറയുകയാണ് ദുൽഖർ. പതിനാലാം വിവാഹ വാർഷികത്തിലായിരുന്നു ദുൽഖറിന്റെ വാക്കുകൾ.
'14 വർഷം മുമ്പ് രണ്ട് വ്യത്യസ്ത വീടുകളിൽ നിന്നുള്ള രണ്ട് വ്യത്യസ്ത വ്യക്തികൾ പുതുതായി വിവാഹിതരായി, ഒരു വേദിയിൽ ഒരുമിച്ച് നിൽന്നു. ഇന്ന് ഞങ്ങൾ ഒരു അത്ഭുതകരമായ വീടും ഈ ജീവിതവും ഒരുമിച്ച് നിർമ്മിച്ചു. അതും ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തോടെ. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ കരിയറിലും വീട്ടിലും സ്വതന്ത്രവും കൂട്ടായതുമായ സ്വപ്നങ്ങൾ പിന്തുടരുകയാണ്. നിന്റെ ജീവന്റെ പാതിയായതിൽ ഞാൻ നന്ദിയുള്ളവനും അനുഗ്രഹീതനുമാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഹാപ്പി 14 മൈ ജാൻ. ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു', എന്നാണ് വിവാഹവാർഷികം ആശംസിച്ച് ദുൽഖർ കുറിച്ചത്. അമാലിനൊപ്പമുള്ള മനോഹരമായ ഫോട്ടോകളും താരം പങ്കിട്ടിട്ടുണ്ട്.
2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ഇന്ന് ഇരുവര്‍ക്കും നാല് വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍. 2017 മേയ് അഞ്ചിനാണ് മറിയം ജനിച്ചത്.
അതേസമയം, കാന്തയാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. ദുൽഖർ സൽമാനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.



