ശ്രീവിദ്യ മുല്ലച്ചേരിയോട് പറയുന്നതുപോലെ ആണ് തന്റെ കുറിപ്പ് രാഹുല് രാമചന്ദ്രൻ എഴുതിയിരിക്കുന്നത്.
മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനിവ്ളോഗുകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ സംവിധായകൻ കൂടിയായ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ ക്രിസ്തുമസിനോട് അനുബന്ധിച്ച് രാഹുൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. പുതിയ യാത്രാ വിശേഷമാണ് രാഹുലിന്റെ പോസ്റ്റിൽ. ശ്രീവിദ്യക്കൊപ്പമുള്ള ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത്തവണ ടർക്കിയാണ് ഇരുവരുമൊന്നിച്ച് സന്ദർശിച്ചത്. ഈ വർഷം തങ്ങൾ പോകുന്ന അഞ്ചാമത്തെ രാജ്യമാണ് ഇതെന്ന് രാഹുൽ പറയുന്നു.
''കല്യാണ പുതുമോടിയിൽ കഴിഞ്ഞ ക്രിസ്മസിന് പ്ലം കേക്കും കഴിച്ച്, കാക്കനാടിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്ന് “ഞാൻ നിന്നേം കൊണ്ട് ഈ ലോകം മുഴുവൻ കറങ്ങും… നോക്കിക്കോ!!” എന്ന് പറഞ്ഞപ്പോൾ, സ്വപ്നത്തിൽ പോലും കരുതിയോ പെണ്ണേ… ഇത്തവണത്തെ ക്രിസ്മസ് ഇങ്ങനെ ദൂരെ ടർക്കിയുടെ തണുപ്പത്ത് ആയിരിക്കും എന്ന്? ഈ വർഷത്തെ അഞ്ചാമത്തെ രാജ്യം .... അപ്പോൾ എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ'', എന്നാണ് ചിത്രങ്ങൾക്കൊപ്പം രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സെലിബ്രിറ്റികളടക്കം നിരവധി പേർ ശ്രീവിദ്യക്കും രാഹുലിനും കമന്റ് ബോക്സിൽ സന്തോഷം അറിയിച്ച് എത്തിയിട്ടുണ്ട്.
ഒരു കാലത്ത് തനിക്ക് കൃത്യമായ വരുമാനം ഇല്ലാതിരുന്ന സമയത്ത് തന്നെ പൊന്നു പോല നോക്കിയ വ്യക്തി ആണ് തന്റെ ഭാര്യ ശ്രീവിദ്യയെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ രാഹുൽ പങ്കുവെയ്ക്കുന്ന മിനി വ്ളോഗുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിൽ നിന്നും മോശമല്ലാത്ത വരുമാനം ലഭിച്ചുതുടങ്ങിയെന്നും രാഹുൽ പറഞ്ഞിരുന്നു. ശ്രീവിദ്യയുടെ നാടായ കാസർകോട്ടെ തെയ്യം കഥകളും ബാലിയിൽ യാത്ര പോയ അനുഭവങ്ങളും രാഹുലിന്റെയും ശ്രീവിദ്യയുടെയും പ്രണയകഥയുമൊക്കെ രാഹുൽ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു.
