ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ നിവിൻ പോളി ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിലേക്ക് എല്ലാ അണിയറപ്രവർത്തകർക്കും വ്യക്തിപരമായ ക്ഷണം നൽകി. സിനിമയിൽ സാധാരണയായി അവഗണിക്കപ്പെടുന്ന സാങ്കേതിക പ്രവർത്തകരെ പരിഗണിച്ച ഈ നടപടി വലിയ പ്രശംസ നേടുന്നു.
ക്യാമറക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് സിനിമയിൽ വലിയ പരിഗണന ലഭിക്കാറില്ലെന്ന പരാതി പുതിയതല്ല. സിനിമയുണ്ടായ കാലത്തോളം അഭിനേതാക്കൾക്കാണ് എങ്ങും പരിഗണന ലഭിക്കാറുള്ളത്. നൂറുകണക്കിന് പേർ മാസങ്ങളോളം അധ്വാനിച്ചാണ് ഒരു സിനിമ പൂർത്തിയാക്കുന്നത്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും മറ്റും ഈ വിഭാഗത്തിന് ക്ഷണം ലഭിക്കുന്നത് പോലും വിരളമാണ്. ഇതിനിടയിൽ പിന്നണി പ്രവർത്തകരെ മുഴുവൻ വ്യക്തിപരമായി തന്നെ ക്ഷണിച്ച് ഒരു ട്രെയിലർ ലോഞ്ച് നടക്കുകയാണ്. ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ നിവിൻ പോളി പടമാണ് മലയാള സിനിമയിൽ പുതിയൊരു തുടക്കത്തിന് വേദിയാകുന്നത്.
സാങ്കേതിക പ്രവർത്തകരിൽ പലരും ഇക്കാര്യത്തിൽ സംവിധായകനോടുള്ള നന്ദി അറിയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതി. സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനറായ ഷാജി നടുവിലിന്റെ പോസ്റ്റ് വൈറലാവുകയും ചെയ്തു. തിരശീലക്ക് പിന്നിൽ പ്രവർത്തിക്കുന്നവരേയും ഇതുപോലെ ചേർത്ത് നിർത്തുന്നതിൽ വലിയ സന്തോഷം, തന്റെ പേരിൽ ലഭിച്ച ക്ഷണക്കത്ത് പങ്കുവച്ച് കൊണ്ട് ഷാജി എഴുതി. ഇത്രമൊരു വ്യക്തിപരമായ ക്ഷണം ഞങ്ങളേപ്പോലെയുള്ളവർക്ക് ലഭിക്കുന്നത് വളരെ അപൂർവ്വമാണ്. പ്രിയ ഉണ്ണി സർ, താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി; ഷാജി നടുവിൽ എഴുതുന്നു.
ഷാജി എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം
സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നിൽ, അധികമാരും കാണാത്ത ഒരു വലിയ ലോകമുണ്ട്സാങ്കേതിക പ്രവർത്തകരുടെ അധ്വാനത്തിന്റെ ലോകം. സാധാരണയായി സിനിമയിൽ ഇത്തരമൊരു വ്യക്തിപരമായ ക്ഷണം ഞങ്ങളെപ്പോലുള്ളവർക്ക് ലഭിക്കുന്നത് വളരെ അപൂർവ്വമാണ്. ആ ഒരു പതിവ് രീതിയിൽ നിന്ന് മാറി, തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഇതുപോലെ ചേർത്തുപിടിക്കുന്നതിൽ വലിയ സന്തോഷം. ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഇതൊരു പുതിയ അനുഭവമാണ്, ഒരു വലിയ അംഗീകാരമാണ്. ഞങ്ങളുടെ അധ്വാനത്തെ ഇത്രത്തോളം ബഹുമാനത്തോടെ പരിഗണിച്ചതിന് പ്രിയ ഉണ്ണി സർ താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി. മലയാള സിനിമയിൽ ഇതൊരു പുതിയ മാതൃകയാണ്. മാറ്റങ്ങൾ തുടരട്ടെ...
നാളെ(17.0.2026-ചൊവ്വ) നടക്കുന്ന സിനിമയുടെ ട്രെയിലർ/ടൈറ്റിൽ ലോഞ്ചിനാണ് സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ പേരുകൾ ഉൾപ്പെടുത്തി വ്യക്തിപരമായി ക്ഷണക്കത്ത് ലഭിച്ചത്. എറണാകുളം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ വൈകിട്ട് ഏഴിന് മോഹൻലാൽ ആണ് ട്രെയിലർ ലോഞ്ച് ചെയ്യുക. സിനിമയുടെ പേരും അദ്ദേഹം പ്രഖ്യാപിക്കും. നിവിൻ പോളി, ബലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് നിർമ്മിക്കുന്നത്.
കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ ബി ഉണ്ണികൃഷ്ണൻ എഴുതിയിരിക്കുന്നത്. രണ്ട് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഉണ്ണികൃഷ്ണൻ തിരക്കഥാ രചനയിലേക്ക് തിരിച്ചുവരികയാണ്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത ഴോണറായ പൊളിറ്റിക്കൽ ഡ്രാമ ഗണത്തിലാണ് ഈ ചിത്രം. പെരുന്നാൾ റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും എന്നാണ് സൂചന. സിനിമ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഷറഫുദ്ധീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉൾപ്പെടുത്തി വലിയ സീക്വൻസ് മുമ്പ് മലയാളച്ചിത്രത്തിൽ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.
ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റിയാനി, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ് എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി.



