ശ്രീനിവാസൻ മടങ്ങുന്നത് മലയാളിക്ക് എന്നും ഓർമ്മിക്കാനുള്ള ഒരുപിടി കഥാപാത്രങ്ങൾ കൂടി ബാക്കിയാക്കി
തിരുവനന്തപുരം: പത്തേമാരിയിൽ, പ്രവാസിയായ പള്ളിക്കൽ നാരായണന്‍റെ പിരിയാത്ത കൂട്ടുകാരനായ മൊയ്തീൻ. മറുനാട്ടിലെത്തിയാലും രാഷ്ട്രീയം മനസ്സിനുള്ളിൽ കൊണ്ടുനടക്കുന്ന മലയാളിയുടെ പ്രതീകമായ ക്യൂബ മുകുന്ദൻ. ഗദ്ദാമയിലെ മലയാളി സാമൂഹ്യപ്രവർത്തകനായ റസാഖ് കൊട്ടേക്കാട്. പ്രവാസികൾക്ക് മറക്കാനാകാത്ത കഥാപാത്രങ്ങൾ കൂടി നൽകിയാണ് ശ്രീനിവാസൻ വിട പറഞ്ഞിരിക്കുന്നത്. സ്വന്ത ബന്ധുക്കൾ മറന്നാലും വിളിപ്പുറത്തുണ്ടാകുന്ന, എല്ലാമറിയുന്ന ഒരു കൂട്ടുകാരൻ ഓരോ പ്രവാസിക്കുമുണ്ടാകും. പള്ളിക്കൽ നാരായണന് മൊയ്തീനെന്ന പോലെ. മൊയ്തീൻ വിട പറഞ്ഞിരിക്കുകയാണ്.
പത്തേമാരി യുഎഇയിലാണ് ചിത്രീകരിച്ചത്. രാഷ്ട്രീയ അതിപ്രസരമുള്ള കേരളത്തിൽ നിന്ന് പ്രവാസലോകത്തെത്തിയ മലയാളിക്കുണ്ടാകുന്ന രാഷ്ട്രീയ ശ്വാസം മുട്ടലിനെ തുറന്നു വിടുക കൂടിയായിരുന്നു അറബിക്കഥയിലെ ക്യൂബ മുകുന്ദൻ. ഗദ്ദാമയിലെ സാമൂഹ്യപ്രവർത്തകനായി എത്തിയ റസാഖ് കൊട്ടേക്കാട് സൗദിയിലെ തന്നെ മലയാളി സാമൂഹ്യപ്രവർത്തകന്റെ യഥാർത്ഥ ജീവിതമാണ്. കഥയേക്കാൾ വിചിത്രമായ ജീവിതമുണ്ടാകും നമ്മളറിയാത്ത പല മനുഷ്യർക്കുമെന്ന വാചകം ഇന്നും പ്രവാസിയെ കുറിച്ച് കടുത്ത യാഥാർത്ഥ്യമാണ്. മൊയ്തീനായി പത്തേമാരിയിലെ പ്രകടനം ഇന്നും അണിയറ പ്രവർത്തകരുടെ മനസ്സിൽ നിന്ന് മായുന്നില്ല.
പത്തേമാരി ചിത്രീകരണ സമയത്ത്, രണ്ട് മണിക്ക് കൂട്ടാനെത്താമെന്നേറ്റ് മൂന്നര മണിക്കൂർ വൈകിയെത്തിയതും അതിന് ശ്രീനിവാസൻ ക്ഷോഭിച്ചതും പിന്നീടത് വലിയ ഹൃദയബന്ധമായി വളർന്നതും പത്തേമാരിയുടെ നിർമ്മാതാക്കളിലൊരാളായ ആഷിഖ് തൈക്കണ്ടി ഓർക്കുന്നു. നാരായണന്മാരും മൊയ്തീന്മാരും മുകുന്ദന്മാരും റസാഖുമാരും ഉള്ള കാലത്തോളം പ്രവാസമുള്ള കാലത്തോളം ആ കഥാപാത്രങ്ങളും ജീവിക്കും. അവരെ അനശ്വരമാക്കിയ ശ്രീനിവാസനും.



