നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹ വാർത്ത സ്ഥിരീകരിച്ചു. ആരാധകർ നൽകിയ 'വിരോഷ്' എന്ന പേരിന് നന്ദി പറഞ്ഞ ഇരുവരും, തങ്ങളുടെ കൂടിച്ചേരലിനെ 'വിരോഷിന്‍റെ വിവാഹം' എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചു. 

വിവാഹ വാർത്ത സ്ഥിരീകരിച്ച് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും. ഇത്രയും കാലം വിവാഹ വാർത്തകളോട് മൌനം പാലിച്ച ഇരുവരും ഒടുവിൽ അക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ആരാധകരുടെ സ്നേഹത്തിന് ഇരുവരും നന്ദി പറഞ്ഞു. വിരോഷ് എന്നാണ് ആരാധകർ ഇരുവരെയും ചേർത്ത് വിളിച്ചിരുന്നത്. അതിനാൽ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്നു പേരിട്ട് വിളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

"ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ, ഞങ്ങൾ എന്തെങ്കിലും തെരഞ്ഞെടുക്കുന്നതിന് മുൻപേ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്ക് പേരിട്ടു. ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്നു വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. നിങ്ങൾ നൽകിയ സ്‌നേഹത്തിനുള്ള ആദരവാണിത്. എന്നും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങൾ എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും, നിറഞ്ഞ സ്നേഹം'- രശ്മികയും വിജയ്‍യും പങ്കുവെച്ച കുറിപ്പിന്‍റെ പറയുന്നത് ഇങ്ങനെയാണ്.

വിവാഹ തിയ്യതിയോ എവിടെ വച്ചാണ് വിവാഹിതരാകുന്നതെന്നോ ഈ കുറിപ്പിൽ പറയുന്നില്ല. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോർട്ട്. ഉദയ്പൂരിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മാർച്ച് നാലിന് ഹൈദരാബാദിൽ വച്ചുള്ള റിസപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും എന്നാണ് വിവരം. വിജയ് ദേവരക്കൊണ്ടയുടേതെന്ന പേരിലുള്ള ക്ഷണക്കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

"ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത പങ്കുവയ്ക്കാനും ആ വലിയ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാനിത് എഴുതുന്നത്. കുടുംബാംഗങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടെയും കൂടി ഞാനും രശ്മികയും 26.02.26 ന് വിവാഹിതരാകാൻ പോവുകയാണ്. വളരെ ചെറിയ ചടങ്ങാണ് നടക്കുന്നത്. ഞങ്ങളുടെ ജീവതത്തിലെ ഈ പുതിയ അധ്യായത്തിന് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഏറെ വിലപ്പെട്ടതാണ്. മാർച്ച് 4ന് വൈകുന്നേരം 7 മണി മുതൽ റിസപ്ഷൻ നടക്കും" എന്നാണ് ഈ കത്തിലുള്ളത്. എന്നാൽ ഇതിലെ വിവരങ്ങളൊന്നും താരങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറയിൽ പറയുന്നില്ല.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി 2018ലാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധ നേടുകയും ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ശേഷം 2019-ൽ ഡിയർ കോമ്രേഡിനായി ഇരുവരും വീണ്ടും ഒന്നിച്ചു. പിന്നാലെ താരങ്ങൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നു. പല പരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയതും മറ്റും ചർച്ചകൾക്ക് കാരണമായി. എന്നാൽ പ്രണയത്തിലാണോ എന്ന ചോദ്യത്തിൽ നിന്ന് പലപ്പോഴും ഇരുവരും ഒഴിഞ്ഞു മാറിയെങ്കിലും വിവാഹിതരാവാൻ പോവുകയാണെന്ന് ഇരുവരും സ്ഥിരീകരിച്ചിരിക്കുകയാണ്.