ബോയ്ക്കോട്ട് പരാശക്തി, ശിവകാർത്തികേയനെ ബഹിഷ്കരിക്കണം തുടങ്ങിയ ക്യാമ്പയ്നുകളുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടിലെ ബിഗ് സ്ക്രീനിൽ വമ്പൻ പോര്. വിജയിയുടെ ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും തമ്മിലാണ് പോര്. പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപുള്ള വിജയിയുടെ വിടവാങ്ങൽ ചിത്രമാണ് ജനനായകൻ. ഇതിനോടകം വലിയ പ്രതീക്ഷ ഉണർത്തിയിരിക്കുന്ന ചിത്രം 2026 ജനുവരി 9ന് തിയറ്ററുകളിൽ എത്തും. ഇതിനിടയിലാണ് ജനുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന പരാശക്തി ജനുവരി 10ലേക്ക് മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ വന്നത്.
വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും സമ്മർദ്ദം കാരണം പരാശക്തിയുടെ റിലീസ് 10-ാം തിയതിയിലേക്ക് മാറ്റുന്നു എന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നില്‍ ഡിഎംകെ ആണെന്ന ആരോപണം ഇപ്പോള്‍ ശക്തമാവുകയാണ്. ശിവകാർത്തിയേകനെതിരെ വിജയ് ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഡിഎംകെ നീച ശക്തികളാണെ'ന്ന വിജയിയുടെ വിമർശനം തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പരാശക്തി കൂടി വരുന്നത്. ജനനായകന്റെ തിയറ്ററുകളുടെ എണ്ണം കുറക്കാനാണെന്നാണ് ആക്ഷേപം.
ശിവകാർത്തിയേകന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് പരാശക്തി. ഈ സിനിമയുടെ നിർമാതാവ് കരുണാനിധിയുടെ കുടുംബാഗമായ ആകാശ് ഭാസ്കർ ആണ്. അവരുടെ ഡോൺ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. വിതരണം ചെയ്യുന്നത് ഉദയ നിധി സ്റ്റാലിന്റെ മകൻ ഇൻമ്പ നിധിയുടെ നേതൃത്വത്തിലുള്ള റെഡ് ജയൻ മൂവീസ് ആണ്. 1960കളിൽ തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോപവുമായി ബന്ധപ്പെട്ട രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണ് പരാശക്തി.
ഒരു സിനിമ റിലീസ് ചെയ്ത് അതിന്റെ രണ്ടോ നാലോ ദിവസത്തെ കളക്ഷൻ എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ സിനിമയുടെ റിലീസ്, കുറച്ച് തിയറ്ററിലേക്കെങ്കിലും പരിമിതപ്പെടുത്താനുള്ള നീക്കമാണ് ഡിഎംകെ നടത്തുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള സിനിമാ റിലീസുകളുടെയും ഓഡിയോ ലോഞ്ചിന്റെയും സമയത്ത് പലതരത്തിലുള്ള തടസങ്ങൾ ഡിഎംകെ ഉയർത്തിയിരുന്നു. അതിന്റെ തുടർച്ചയാണിതെന്ന് പറയുന്നവരും ധാരാളമാണ്
അതേസമയം, ‘ബോയ്ക്കോട്ട് പരാശക്തി, ശിവകാർത്തിയേകനെ ബഹിഷ്കരിക്കണം’ തുടങ്ങിയ ക്യാമ്പയ്നുകളുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ശിവകാർത്തികേയൻ, വിജയിയോട് നന്ദികേട് കാട്ടിയെന്ന ആക്ഷേപവും ആരാധകരുടെ ഭാഗത്തുനിന്നും വരുന്നുണ്ട്.



