അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. 

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് നിർമ്മിച്ച് അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്' മലയാള സിനിമയിലെ അടുത്ത് വരാൻ ഇരിക്കുന്ന വലിയ റിലീസുകളിൽ ഒന്നാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. വിശാഖ് നായർ അവതരിപ്പിക്കുന്ന 'ചെറിയാൻ' എന്ന കഥാപാത്രത്തെയാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നത്.

വളരെ വ്യത്യസ്തവും കൗതുകകരവുമായ രീതിയിലാണ് വിശാഖിൻ്റെ ക്യാരക്ടർ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തന്റെ ലോകത്ത് താൻ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന, അതിരുകടന്ന ആത്മവിശ്വാസമുള്ള ഒരു കഥാപാത്രമാണ് ചെറിയാൻ എന്ന് പോസ്റ്ററിലൂടെ നമുക്ക് മനസ്സിലാക്കാം. ചിത്രത്തിലെ ചെറിയാൻ്റെ കഥാപാത്രം ഈഗോ നിറഞ്ഞ സ്വഭാവം ഉള്ള ഒരു വ്യക്തി ആണെന്ന് കാട്ടിത്തരാൻ പോസ്റ്ററിലെ സാങ്കേതിക പ്രവർത്തകരുടെ പേരിന് പകരം എല്ലാ സ്ഥാനങ്ങളിലും 'ചെറിയാൻ' എന്നാണ് നൽകിയിരിക്കുന്നത്.

ഡയറക്ഷൻ, പ്രൊഡക്ഷൻ, ക്യാമറ, മ്യൂസിക് തുടങ്ങി എല്ലാ ക്രെഡിറ്റുകളിലും ചെറിയാൻ എന്ന പേര് മാത്രം: ചെറിയാൻ നായർ, ചെറിയാൻ ഷൗക്കത്ത്, ചെറിയാൻ എഹ്സാൻ ലോയ് എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. സിനിമയുടെ യഥാർത്ഥ അണിയറപ്രവർത്തകർ താൽക്കാലികമായി മാറിനിൽക്കുകയും, ചെറിയാൻ എന്ന കഥാപാത്രം പോസ്റ്റർ മുഴുവൻ കൈയടക്കുകയും ചെയ്യുന്ന ഈ രീതി വളരെ വ്യത്യസ്തമായ ഒന്നാണ്. നിറപ്പകിട്ടാർന്ന വസ്ത്രധാരണവും കൂളിംഗ് ഗ്ലാസും സ്വർണ്ണ വാച്ചുമായി, ഒരു ഗുസ്തി ഗോദയുടെ പശ്ചത്താലത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് വിശാഖ് നായർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പറക്കുന്ന കറൻസി നോട്ടുകളും സ്പാർക്കുകളും ഗുസ്തി റിംഗിലെ ചിഹ്നങ്ങളും ചെറിയാന്റെ സ്വഭാവത്തിലെ ആഡംബരവും ഊർജ്ജവും വിളിച്ചോതുന്നു.

നേരത്തെ പുറത്തിറങ്ങിയ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾക്ക് പിന്നാലെയാണ് വിശാഖിന്റെ ഈ പുതിയ ലുക്ക് എത്തുന്നത്. മലയാളത്തിൽ “ആനന്ദം”, “ഓഫീസർ ഓൺ ഡ്യൂട്ടി”, “ഫൂട്ടേജ്” എന്നിവ മുതൽ ഹിന്ദിയിലെ “എമർജൻസി” വരെ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത വിശാഖ് നായരുടെ കരിയറിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായിരിക്കും ചെറിയാൻ എന്ന് ഈ പോസ്റ്റർ ഉറപ്പുനൽകുന്നു. ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തിന്റെ പശ്ചത്താലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മികവുറ്റ സാങ്കേതിക പ്രവർത്തകർ ആണ്. ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ആക്ഷൻ: കലൈ കിംഗ്സൺ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, രചന: സനൂപ് തൈക്കൂടം, അതോടൊപ്പം ഇന്ത്യയിലെ മികച്ച സംഗീത കൂട്ടുകെട്ടിൽ ഒന്നായ ശങ്കർ ജി എഹ്സാൻ- ലോയ്, മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ചത്ത പച്ച.

ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെറർ ഫിലിംസ്, പിവിആർ ഐനോക്സ് പിക്ചേഴ്സ്, ദ പ്ലോട്ട് പിക്ചേഴ്സ് എന്നിവരുടെ വിതരണ സഹകരണത്തോടെ 2026 ജനുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും. സമകാലിക മലയാള സിനിമയുടെ പാൻ-ഇന്ത്യൻ സ്വീകാര്യത വർദ്ധിപ്പിക്കുന്ന വലിയൊരു റിലീസ് തന്നെ ആയിരിക്കും 'ചത്താ പച്ച' എന്നതിൽ സംശയമില്ല.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming